Crime

ലൈംഗികപീഡന- മതംമാറ്റക്കേസ്: നിദാ ഖാനെ ടി.സി.എസ്. സസ്‌പെന്‍ഡ് ചെയ്തു; പ്രചരിക്കുന്നതില്‍ സത്യമില്ല, ഒളിവിലല്ലെന്നും കുടുംബം

മഹാരാഷ്ട്രയിലെ നാസിക് യൂണിറ്റിൽ സഹപ്രവർത്തകരെ നിർബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയെത്തുടർന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരി നിദാ ഖാനെ കമ്പനി സസ്‌പെൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് ചില ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. എട്ട് പ്രതികളുള്ള കേസിൽ നിദ ഒഴികെയുള്ള ഏഴുപേരെയും നാസിക് പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. നിലവിൽ ഒളിവിലാണെന്ന് പറയപ്പെടുന്ന നിദ, 2021 മുതൽ കമ്പനിയിൽ ‘പ്രോസസ് അസോസിയേറ്റ്’ ആയി ജോലി ചെയ്തുവരികയായിരുന്നു. ഇവർക്ക് ടിസിഎസ് ശൃംഖലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ എച്ച്ആർ വിഭാഗം, വിഷയം മറ്റ് ജീവനക്കാരുമായി ചർച്ച ചെയ്യരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.

ലൈംഗിക പീഡനവും മതംമാറ്റവും പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രതികളായ മുഴുവൻ പേരെയും സസ്‌പെൻഡ് ചെയ്തതായും പോലീസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും ടിസിഎസ് അറിയിച്ചു. എന്നാൽ തന്റെ മകൾ നിരപരാധിയാണെന്നും അവൾ ഒളിവിലല്ലെന്നും വ്യക്തമാക്കി നിദയുടെ കുടുംബം രംഗത്തെത്തി. ഗർഭിണിയായ നിദ നിലവിൽ മുംബൈയിൽ തങ്ങൾക്കൊപ്പമുണ്ടെന്നാണ് പിതാവ് പറയുന്നത്. കഴിഞ്ഞ വർഷം വിവാഹിതയായ താരം ഭർത്താവിനൊപ്പം താമസിക്കാനായി ജനുവരിയിലാണ് മുംബൈയിലേക്ക് ജോലി മാറ്റം വാങ്ങിയതെന്നും കുടുംബം വിശദീകരിക്കുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ നിദ കമ്പനിയുടെ എച്ച്ആർ വിഭാഗം മേധാവിയല്ലെന്നും ഒരു ടെലി കോളർ മാത്രമാണെന്നും കുടുംബം ചൂണ്ടിക്കാട്ടി. ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരുന്ന മകൾക്ക് വലിയൊരു കമ്പനിയിൽ ജോലി ലഭിച്ചതിൽ അഭിമാനിച്ചിരുന്ന തങ്ങൾ ഈ വിവാദങ്ങളിൽ അതീവ ദുഃഖിതരാണെന്നും അവർ പറഞ്ഞു. മകൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും കുടുംബം പ്രത്യാശ പ്രകടിപ്പിച്ചു.