Health

ഇനി ചുംബനങ്ങളെ പേടിക്കണം? കിസ്സിങ് ഡിസീസും മൾട്ടിപ്പിൾ സ്ക്ലിറോസിസും തമ്മില്‍ ബന്ധമെന്ന് പഠനം

സ്നേഹപ്രകടനം എന്നതിലുപരി ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ചുംബനം ഏറെ ഗുണകരമാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും സന്തോഷം നൽകുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ദന്താരോഗ്യത്തിനും ഇത് സഹായിക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ചുംബനം അപകടകാരിയായ ഒരു രോഗമായി മാറാനും സാധ്യതയുണ്ട്.

‘ഇൻഫെക്‌ഷ്യസ് മോണോന്യൂക്ലിയോസിസ്’ അഥവാ ‘ചുംബനരോഗം’ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. എപ്സ്റ്റീൻ-ബാർ വൈറസ് മൂലം പടരുന്ന ഈ രോഗം ഉമിനീരിലൂടെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. സാധാരണ പനി, ജലദോഷം, സന്ധിവേദന, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷമേ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ.

കൃത്യമായ ചികിത്സയിലൂടെ ചുംബനരോഗം ഭേദമാക്കാമെങ്കിലും, ഇത് ബാധിച്ചവർക്ക് ഭാവിയിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്) ഉണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. യുഎസിലെ മയോ ക്ലിനിക്കിന്റെ നേതൃത്വത്തിൽ 19,000 പേരിൽ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. പഠനമനുസരിച്ച്, മോണോന്യൂക്ലിയോസിസ് വന്നവരിൽ 0.17% പേർക്ക് എംഎസ് ബാധിച്ചപ്പോൾ, അണുബാധയില്ലാത്തവരിൽ ഇത് 0.07% മാത്രമായിരുന്നു. ലോകമെമ്പാടും വ്യാപകമായി കാണപ്പെടുന്ന എപ്‌സ്റ്റൈൻ-ബാർ വൈറസ് ബാധിച്ചവരിൽ നേരത്തെയും ഇത്തരം എംഎസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ചുംബനരോഗം വന്നതുകൊണ്ടു മാത്രം ഒരാൾക്ക് മൾട്ടിപ്പിൾ സ്ക്ലിറോസിസ് വരണമെന്നില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ജനിതകമായ പ്രത്യേകതകൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ, രോഗപ്രതിരോധ ശേഷി തുടങ്ങി നിരവധി ഘടകങ്ങൾ ഇതിന് പിന്നിലുണ്ട്. ജനിതകമായി രോഗസാധ്യതയുള്ള വ്യക്തികളിൽ മാത്രമേ ഈ വൈറസ് ഒരു പ്രേരകശക്തിയായി പ്രവർത്തിക്കുകയുള്ളൂ. അതിനാൽ തന്നെ എംഎസ് വരാനുള്ള സാധ്യത പൊതുവെ കുറവാണെന്നും അനാവശ്യമായ ആശങ്ക വേണ്ടെന്നും വിദഗ്ധർ പറയുന്നു.

കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്ക്ലിറോസിസ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീകോശങ്ങളെ തന്നെ ആക്രമിക്കുന്നതിലൂടെ തലച്ചോറും ശരീരഭാഗങ്ങളും തമ്മിലുള്ള വിനിമയത്തെ ഇത് തടസ്സപ്പെടുത്തുന്നു.