ആലപ്പുഴ ∙ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ വെള്ളത്തിൽ വീണു നനഞ്ഞ കോഴിയെപ്പോലെയുള്ള അവസ്ഥയിലാണെന്ന് ജി. സുധാകരൻ . ധനമന്ത്രി കെ.എൻ. ബാലഗോപാലന് സഭയിൽ ഇപ്പോൾ ഒട്ടും മിണ്ടാട്ടമില്ലെന്നും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ശബ്ദമുയർത്താൻ സഭയിലുള്ള ഒരു സി.പി.എം നേതാവിനും സാധിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അമ്പലപ്പുഴയിലെ എം.എൽ.എ ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.
‘‘നിയമസഭയിൽ സി.പി.എം നേതാക്കൾ നടത്തുന്ന പ്രകടനം എല്ലാവരും കാണുന്നുണ്ട്. വെള്ളത്തിൽ വീണ് നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് പിണറായി വിജയൻ ഇപ്പോൾ. കെ.എൻ. ബാലഗോപാലനെ ഇത്തരമൊരു അവസ്ഥയിൽ ഇതിനു മുൻപ് ആരെങ്കിലും സഭയിൽ കണ്ടിട്ടുണ്ടോ? അദ്ദേഹം സഭയിൽ പൂർണ്ണമായും നിശ്ശബ്ദനാണ്. വി.ഡി. സതീശന്റെ വാദങ്ങളെ ചെറുക്കാൻ ഒരൊറ്റ സി.പി.എം എം.എൽ.എയ്ക്കും കഴിയുന്നില്ല. എഴുന്നേറ്റു നിന്ന് മറുപടി പറയാൻ ആർക്കാണ് ഇവിടെ ധൈര്യമുള്ളത്? തോമസ് ഐസക്ക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ തിരിച്ചു പറഞ്ഞേനെ.
കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിൽ കണ്ട കാര്യങ്ങളിൽ എനിക്ക് വലിയ വിഷമം തോന്നി. ഇടത്തോട്ട് മുണ്ടുടുത്തതു കൊണ്ട് മാത്രം ഒരാൾ ഇടതുപക്ഷക്കാരനാകില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. അതുപോലെ, വലത്തോട്ട് മുണ്ടുടുത്തതു കൊണ്ട് മാത്രം വലതുപക്ഷക്കാരനാകുകയുമില്ല. സി.പി.എമ്മിൽ ജനങ്ങൾക്ക് അംഗീകാരമുള്ള ഒരു യുവജന നേതാവ് പോലുമില്ല. ഒരു ഊന്നുവടിയുടെ സഹായത്തോടെയാണ് സി.പി.എം ഇപ്പോൾ മുന്നോട്ട് പോകുന്നത്. എന്നിട്ടും കോൺഗ്രസ് തകർച്ചയിലാണെന്നാണ് അവർ വാദിക്കുന്നത്. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതേതര പാർട്ടി മുസ്ലിം ലീഗാണ്. ജനങ്ങൾക്കിടയിൽ സി.പി.എമ്മിന്റെ വിശ്വാസ്യത പാടെ തകർന്നുകൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തൊന്നും ഇവർ തിരുത്താൻ പോകുന്നില്ല’’ – സുധാകരൻ വ്യക്തമാക്കി.




