ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയിൽ അധികൃതരുടെ അനാസ്ഥ മൂലം കണ്ണിനുള്ളിൽ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. 2025 ഒക്ടോബർ വരെ അദ്ദേഹത്തിന് കാഴ്ചശക്തിക്ക് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞ രണ്ട് വർഷമായി ഏകാന്ത തടവിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാന് ആവശ്യമായ ചികിത്സകളോ പരിശോധനകളോ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്വന്തം ഡോക്ടർമാരെ കാണാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ല. കൂടാതെ, കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസമായി പ്രധാന അഭിഭാഷകരെ കാണാൻ അനുവദിക്കാത്തത് അദ്ദേഹത്തിന്റെ നിയമപോരാട്ടങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇമ്രാൻ ഖാനെ ശാരീരികമായും മാനസികമായും തകർക്കാൻ പാക്കിസ്ഥാൻ സൈന്യവും സർക്കാരും നടത്തുന്ന ബോധപൂർവ്വമായ നീക്കമാണിതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അദ്ദേഹത്തിന്റെ നില കൂടുതൽ വഷളാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.




