പേര് മാറ്റിയും വേഷം മാറിയും ആളുകൾ തട്ടിപ്പ് നടത്തിയ വാർത്തകൾ ദിവസവും നാം കേൾക്കാറുണ്ട്. എന്നാൽ പ്രായം മറച്ചുവെച്ച് നടത്തുന്ന തട്ടിപ്പുകൾ വളരെ അപൂർവമാണ്. ബ്രസീലിൽ അടുത്തിടെ ഒരു 37-കാരി നടത്തിയ വിചിത്രമായ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായം കുറച്ച് കാണിച്ച് ഡേറ്റിങ് ആപ്പുകൾ വഴി നടത്തുന്ന തട്ടിപ്പല്ല ഇത്. പകരം തനിക്ക് വെറും 12 വയസ്സ് മാത്രമാണെന്ന് വിശ്വസിപ്പിച്ച് ഒരു ദമ്പതികളെ പറ്റിച്ചായിരുന്നു ഈ സ്ത്രീയുടെ തട്ടിപ്പ്.
ബ്രസീലിലെ ജോയിൻവില്ലെ നഗരത്തിലാണ് ഈ സംഭവം നടന്നത്. മാതാപിതാക്കളുടെ ക്രൂരമായ പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയതാണെന്ന് പറഞ്ഞ് പ്രദേശത്തെ ഒരു പള്ളി വികാരിയെ സമീപിച്ചുകൊണ്ടായിരുന്നു യുവതി തട്ടിപ്പിന് തുടക്കമിട്ടത്. ചെറിയ കുട്ടികളെപ്പോലെ പെരുമാറിയ ഇവർ ‘ഗബ്രിയേല’ എന്ന വ്യാജ പേരാണ് സ്വീകരിച്ചത്. താന്‍ ഓട്ടിസ ബാധിതയാണെന്നും ഇവർ പള്ളി വികാരിയെ ധരിപ്പിച്ചു.
യുവതിയുടെ ദയനീയ അവസ്ഥ കണ്ട് മനസ്സലിഞ്ഞ സഭാ അധികൃതർ ഇവർക്ക് സാമ്പത്തിക സഹായവും താമസിക്കാൻ താൽക്കാലിക സൗകര്യവും നൽകി. അധികം വൈകാതെ തന്നെ നഗരത്തിലെ ഒരു നല്ല കുടുംബം ഗബ്രിയേലയെ ദത്തെടുത്ത് സ്വന്തം മകളെപ്പോലെ വളർത്താൻ തയ്യാറായി മുന്നോട്ടുവന്നു.
തനിക്ക് 12 വയസ്സ് മാത്രമേയുള്ളൂവെന്നും ഹോർമോൺ വ്യതിയാനം കാരണമാണ് ശരീരം പ്രായമുള്ളവരുടേത് പോലെ തോന്നിക്കുന്നതെന്നും ഇവർ കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിച്ചു.
കുട്ടികളുടെ സ്വഭാവം കാണിക്കുക മാത്രമല്ല, അവരുടെ രീതികളെല്ലാം ഇവർ അതേപടി അനുകരിക്കുകയും ചെയ്തു. പാൽക്കുപ്പിയിൽ പാൽ കുടിക്കുക, കുട്ടികൾ വായയിൽ വെക്കുന്ന പെസിഫയർ ഉപയോഗിക്കുക, ചെറിയ കുട്ടികളെപ്പോലെ പ്രിയപ്പെട്ട തുണിയിൽ കെട്ടിപ്പിടിച്ചുറങ്ങുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ രാത്രികാലങ്ങളിൽ ഭയന്നുവിറയ്ക്കുന്നതായും ഇവർ അഭിനയിച്ചു ഫലിപ്പിച്ചു.
ആ കുടുംബത്തോടൊപ്പമാണ് യുവതി തന്റെ വ്യാജ പന്ത്രണ്ടാം ജന്മദിനം ആഘോഷിച്ചത്. ഒടുവിൽ ദത്തെടുക്കൽ നടപടികളിലേക്ക് കുടുംബം ഔദ്യോഗികമായി കടക്കാൻ ശ്രമിച്ചപ്പോഴെല്ലാം യുവതി തന്ത്രപരമായി അതിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു. ഈ പെരുമാറ്റത്തിൽ കുടുംബത്തിലെ ഒരു ബന്ധുവിന് സംശയം തോന്നിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അവർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് എത്തി ഈ ’12-കാരിയെ’ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. കഴിഞ്ഞ 14 മാസമായി തങ്ങളുടെ കൂടെ താമസിച്ചത് 12 വയസ്സുള്ള കുട്ടിയല്ല, മറിച്ച് 37 വയസ്സുള്ള ‘അമാൻഡ മരിയ സൂസ ഒലിവേര’ എന്ന തട്ടിപ്പുകാരിയാണെന്ന് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.
മുൻപും പലയിടങ്ങളിൽ ഇതേ രീതിയിൽ അമാൻഡ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് കുടുംബത്തോട് വ്യക്തമാക്കി. കുറ്റം സമ്മതിച്ചതിനെ തുടർന്ന് അമാൻഡയെ നിലവിൽ പോലീസ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.




