Featured Good News

ബാങ്കിന് പറ്റിയ അബദ്ധം; അക്കൗണ്ടിലെത്തിയത് 10 കോടി, തിരിച്ചു നൽകി യുവതി; വാഴ്ത്തി സൈബര്‍ലോകം

ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ഒരു യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 10 കോടി രൂപ എത്തിയതും അത് തിരികെ നൽകാൻ കാണിച്ച ആർജ്ജവവും വലിയ വാർത്തയായിരിക്കുകയാണ്. ദേവ്ഗഞ്ച് ഗ്രാമവാസിയായ പരസ്ഭാൻ ബഹേലിയയുടെ ഭാര്യ റീത്തയാണ് ഈ സത്യസന്ധതയിലൂടെ എല്ലാവരുടെയും കൈയടി നേടുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പണം പിൻവലിക്കാൻ എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ടിൽ 9,99,49,588 രൂപയുള്ളതായി റീത്ത ശ്രദ്ധിച്ചത്.

കണ്ണുകളെ വിശ്വസിക്കാനാവാതെ മറ്റൊരു എടിഎമ്മിൽ കൂടി പരിശോധിച്ചപ്പോഴും തുക കൃത്യമാണെന്ന് ബോധ്യപ്പെട്ടു. ഉടൻ തന്നെ റീത്ത ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. അപ്രതീക്ഷിതമായി ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയിട്ടും അതിൽ നിന്ന് ഒരു രൂപ പോലും എടുക്കാൻ റീത്ത തയ്യാറായില്ല. മാത്രമല്ല, കാര്യങ്ങൾ വ്യക്തമാകുന്നതുവരെ ഈ പണത്തിൽ തൊടരുതെന്ന് അവർ കുടുംബാംഗങ്ങൾക്കും കർശന നിർദ്ദേശം നൽകി.

വിവരമറിയിക്കാൻ ബാങ്കിലെത്തിയെങ്കിലും അവധിയായതിനാൽ അന്ന് അധികൃതരെ കാണാൻ കഴിഞ്ഞില്ല. ബാങ്ക് ഓഫ് ഇന്ത്യയുടെ കരീംഗഞ്ച് ബ്രാഞ്ച് മാനേജർ ഋഷികാന്ത് പാണ്ഡെ പിന്നീട് നൽകിയ വിശദീകരണമനുസരിച്ച്, സാങ്കേതിക തകരാറോ ഇടപാടിലെ പിഴവോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിലെത്താൻ കാരണം. ബാങ്ക് തുറന്നാലുടൻ അന്വേഷണം നടത്തി ഇത് പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പണം ദുരുപയോഗം ചെയ്യാൻ എല്ലാ സാഹചര്യവുമുണ്ടായിട്ടും അത് വേണ്ടെന്നു വെച്ച റീത്തയുടെ നിലപാടിനെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ പ്രശംസിക്കുകയാണ്.