ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതയുടെ കഥകൾക്കിടയിൽ, മനുഷ്യത്വത്തിന് അതിർവരമ്പുകളില്ലെന്ന് തെളിയിക്കുകയാണ് ഷഹ്‌സാദ് ഖാൻ എന്ന പാകിസ്താനി യുവാവ്. ഒമാനിലുണ്ടായ ശക്തമായ പ്രളയത്തിനിടയിൽ ഒരു കാറിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് ഇന്ത്യക്കാരുടെ ജീവൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ചാണ് ഷഹ്‌സാദ് ഖാൻ മാതൃകയായത്. കഴിഞ്ഞ ഞായറാഴ്ച ഒമാനിലുണ്ടായ കനത്ത മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. ഈ പ്രളയക്കെടുതിയിൽ പത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.
പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ സ്വദേശിയായ 25-കാരനായ ഷഹ്‌സാദ് ഖാൻ ഒമാനിലെ ബർക്കയിൽ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. പ്രളയസമയത്ത് കരകവിഞ്ഞൊഴുകുന്ന പുഴ മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു കാർ ശക്തമായ ഒഴുക്കിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി കുടുങ്ങുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്നവർ സഹായത്തിനായി നിലവിളിക്കുന്നുണ്ടായിരുന്നു. നൂറുകണക്കിന് ആളുകൾ അവിടെ കൂടിയിരുന്നെങ്കിലും പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു. എന്നാൽ ഒട്ടും വൈകാതെ ഷഹ്‌സാദ് വെള്ളത്തിലേക്ക് ഇറങ്ങുകയും പകുതിയോളം മുങ്ങിയ കാറിന് മുകളിൽ കയറി അതി സാഹസികമായി രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
ആദ്യം കാലുകൊണ്ട് കാറിന്റെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഒരു കല്ല് ഉപയോഗിച്ച് ഗ്ലാസ് തകർത്ത് അദ്ദേഹം ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ആ നിമിഷം അവരുടെ രാജ്യത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ ഞാൻ ചിന്തിച്ചില്ല. അപകടത്തിൽപ്പെട്ട മനുഷ്യരെ മാത്രമാണ് ഞാൻ കണ്ടത്. ഒരാൾ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു, മറ്റൊരാൾ ജീവനുവേണ്ടി പൊരുതുകയായിരുന്നു,” ഷഹ്‌സാദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഷഹ്‌സാദിന്റെ ഈ ധീരമായ പ്രവൃത്തിയെ ലോകമെമ്പാടുമുള്ള ആളുകൾ അഭിനന്ദിക്കുകയാണ്.




