Health Lifestyle

ലിക്വിഡ് സോപ്പിലെ വിഷം പ്ലേറ്റിലൂടെ വയറ്റിലേക്ക്; മുന്നറിയിപ്പുമായി ഡോക്ടർ, ഡിഷ് വാഷ് ലിക്വിഡ് ഉപേക്ഷിക്കേണ്ട സമയമായോ?

നമ്മുടെ അടുക്കളകളിൽ ദിവസവും ഉപയോഗിക്കുന്ന ഡിഷ്വാഷ് ലിക്വിഡുകൾ അഥവാ പാത്രം കഴുകുന്ന ലായനികൾ അത്ര നിഷ്കളങ്കമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുംബൈയിലെ പ്രമുഖ ഡോക്ടറായ മനൻ വോറ. നാം ആഹാരം കഴിക്കുന്ന പാത്രങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഈ ലായനികൾ അടുക്കളയിലെ ഏറ്റവും വിഷാംശമുള്ള വസ്തുവാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ‘ഐസോത്തിയാസോളിനോൺസ്’ പോലുള്ള രാസവസ്തുക്കൾ ചർമ്മത്തിന് അലർജിയുണ്ടാക്കാൻ കാരണമായേക്കാം.

പലപ്പോഴും പാത്രങ്ങൾ കഴുകിക്കഴിഞ്ഞാലും ഈ ലായനിയുടെ നേർത്ത അംശം അവയിൽ അവശേഷിക്കാറുണ്ട്. കൃത്യമായി കഴുകിക്കളഞ്ഞില്ലെങ്കിൽ ഈ രാസാവശിഷ്ടങ്ങൾ ഭക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലെത്താൻ സാധ്യതയുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം. കുട്ടികൾ അബദ്ധത്തിൽ ഇത്തരം ലായനികൾ അകത്താക്കുന്നത് ആന്തരിക അവയവങ്ങളിൽ മുറിവുകളുണ്ടാക്കാൻ കാരണമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

രാസവസ്തുക്കൾക്ക് പകരം സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ബയോ എൻസൈമുകളും പ്രകൃതിദത്ത ചേരുവകളും അടങ്ങിയ ഡിഷ്വാഷുകൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഡോ. മനൻ വോറ നിർദ്ദേശിക്കുന്നു. ലളിതമായ ചേരുവകൾ അടങ്ങിയ ഇത്തരം പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി അനാവശ്യമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നമുക്ക് ഒഴിഞ്ഞുനിൽക്കാം. വലിയ മാറ്റങ്ങളല്ലെങ്കിലും, ഇത്തരം ചെറിയ മുൻകരുതലുകൾ നമ്മുടെ കുടുംബത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.