ധർമശാല: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 19-ാം സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരം ഇന്ന് നടക്കും. ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-ന് ആരംഭിക്കുന്ന ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് പോരാട്ടം.
ധർമശാലയിലെ അന്തരീക്ഷം രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുന്നവർക്ക് ഏറെ അനുകൂലമാണ്. ഹിമാലയത്തോട് ചേർന്ന പ്രദേശമായതിനാൽ സന്ധ്യ കഴിയുന്നതോടെ മഞ്ഞുവീഴ്ച തുടങ്ങും. ഇത് ബൗളർമാർക്ക് പന്ത് സ്വിങ് ചെയ്യിക്കാൻ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇവിടെ നടന്ന കഴിഞ്ഞ രണ്ട് രാത്രി മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. 2022-ൽ ഐപിഎല്ലിന്റെ ഭാഗമായ ഗുജറാത്ത് ടൈറ്റൻസിന് ഇതുവരെ ധർമശാലയിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല.
ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടുന്ന ടീമിന് ക്വാളിഫയർ 2-ൽ കളിച്ച് ഫൈനലിൽ എത്താൻ ഒരു അവസരം കൂടിയുണ്ട്. എങ്കിലും അവർക്ക് തുടർച്ചയായ യാത്രകൾ ചെയ്യേണ്ടി വരും. ധർമശാലയിൽ നിന്ന് അവർക്ക് ന്യൂ ചണ്ഡീഗഡിലേക്ക് പോകേണ്ടി വരും. അവിടെ ജയിച്ചാൽ ഫൈനലിനായി അഹമ്മദാബാദിലേക്കും യാത്ര ചെയ്യണം. ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുന്നത്. ഇന്ന് ജയിക്കുന്ന ടീമിന് വലിയ നേട്ടമാണ്, കാരണം അവർക്ക് ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരം വരെ നന്നായി വിശ്രമിക്കാൻ സമയം ലഭിക്കും.
ആദ്യ ഓവറുകളിൽ മികച്ച രീതിയിൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർമാർ ഇരു ടീമുകളിലുമുണ്ട്. പവർ പ്ലേ ഓവറുകളിൽ ഗുജറാത്ത് 30 വിക്കറ്റും ആർ.സി.ബി. 28 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. വിക്കറ്റ് വേട്ടയിൽ ഗുജറാത്തിന്റെ കാഗിസോ റബാഡയും ആർ.സി.ബിയുടെ ഭുവനേശ്വർ കുമാറുമാണ് മുന്നിൽ. ആർ.സി.ബിയും ഗുജറാത്തും ഇതുവരെ എട്ട് മത്സരങ്ങളിൽ നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ ഇരുടീമുകളും നാല് മത്സരങ്ങൾ വീതം ജയിച്ചു. എന്നാൽ പ്ലേ ഓഫിൽ ഇരു ടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.
ഈ 19-ാം സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും ആർ.സി.ബി. തങ്ങളുടെ കളിക്കാരുടെ നിരയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. പരിക്കുമാറി ഫിൽ സാൾട്ട് തിരിച്ചെത്തിയത് അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. സാൾട്ടിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ വെങ്കടേഷ് അയ്യർ വിരാട് കോഹ്ലിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും. ധർമശാലയിൽ സ്പിന്നർമാർക്ക് വലിയ പങ്കില്ലാത്തതിനാൽ ഫോമിലല്ലാത്ത സുയാഷ് ശർമയ്ക്ക് പകരം ജേക്കബ് ഡഫിയെ ടീമിൽ ഉൾപ്പെടുത്തിയേക്കും.
ആർ.സി.ബി. സാധ്യതാ ടീം: വിരാട് കോഹ്ലി, ഫിൽ സാൾട്ട്/ വെങ്കടേഷ് അയ്യർ, ദേവദത്ത് പടിക്കൽ, രജത് പാടീദാർ (നായകൻ), ജിതേഷ് ശർമ, റൊമാരിയോ ഷെപ്പേർഡ്, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി/ സുയാഷ് ശർമ, ജോഷ് ഹാസിൽവുഡ്, രസിഖ് സലാം.
ഗുജറാത്ത് ടൈറ്റൻസും തങ്ങളുടെ പ്രധാന കളിക്കാരുടെ നിരയിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. ഇംപാക്ട് പ്ലേയറെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാത്രമാണ് അവർക്ക് നേരിയ ആശയക്കുഴപ്പമുള്ളത്. ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തണമോ അതോ സ്പിന്നർമാരായ ആർ. സായ് കിഷോറിനോ മാനവ് സുതറിനോ അവസരം നൽകണമോ എന്ന് അവർ തീരുമാനിച്ചിട്ടില്ല.
ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ടീം: ശുഭ്മൻ ഗിൽ (നായകൻ), സായ് സുദർശൻ, ജോസ് ബട്ട്ലർ, വാഷിങ്ടൺ സുന്ദർ, ജാസൺ ഹോൾഡർ, രാഹുൽ തെവാതിയ, നിഷാന്ത് സിന്ധു, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ/ സായ് കിഷോർ/മാനവ് സുതർ.




