Celebrity

‘അമ്മ’യിലെ തമ്മില്‍ തല്ലിന്റെ മൂലകാരണം പുറത്ത്‌; കുടുംബമേളയുടെ 75 ലക്ഷം സ്‌പോണ്‍സര്‍ഷിപ്പില്‍ അടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളുടെ യഥാർത്ഥ കാരണം പുറത്തുവന്നു. സംഘടനയുടെ കുടുംബമേളയ്ക്ക് ദല്ലാൾ നന്ദകുമാർ പ്രസിഡന്റായ ക്ഷേത്രം 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് നൽകിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. ഏറെ ചർച്ചയായ ഈ കരാറിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പരസ്യമായത്.

കുടുംബസംഗമത്തിന്റെ പ്രധാന സ്പോൺസർഷിപ്പ് 75 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തത് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ്. വിവാദ നായകനായ ദല്ലാൾ നന്ദകുമാറാണ് ഈ ക്ഷേത്ര കമ്മിറ്റിയുടെ പ്രസിഡന്റ്.

‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും നന്ദകുമാറും ചേർന്നാണ് ഈ കരാർ ഒപ്പിട്ടതെന്നാണ് പുറത്തുവരുന്ന ആക്ഷേപം. സംഘടനയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ശ്വേതാ മേനോൻ മുൻകൈ എടുത്തതായും പറയപ്പെടുന്നു. എന്നാൽ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് വാദിച്ച് നടി അൻസിബ ഹസൻ ഈ കരാറിനെ ശക്തമായി എതിർത്തു. ഇതേച്ചൊല്ലിയാണ് സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായത്. എന്നാൽ അൻസിബയുടെ ഈ എതിർപ്പ് ശ്വേത മേനോൻ തള്ളിക്കളയുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 14-നായിരുന്നു അമ്മയുടെ കുടുംബമേള നടന്നത്. കരാർ പ്രകാരം ക്ഷേത്രം കമ്മിറ്റി 30 ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു. ഇനി 45 ലക്ഷം രൂപ കൂടി സംഘടനയ്ക്ക് ലഭിക്കാനുണ്ട്.

ഇതിനിടയിൽ, പ്രധാന സ്പോൺസർ എന്ന നിലയിൽ തങ്ങൾക്ക് മേളയിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന് കാണിച്ച് ക്ഷേത്രം ഭാരവാഹികൾ ‘അമ്മ’യ്ക്ക് പരാതി നൽകിയിട്ടുണ്ട്. എങ്കിലും കരാർ പ്രകാരമുള്ള ബാക്കി തുക നൽകാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കുന്നു.

ക്ഷേത്രത്തെ പ്രധാന സ്പോൺസർ ആക്കുന്നതിന് പകരം സംഭാവനയായി തുക വാങ്ങിയാൽ മതിയെന്നായിരുന്നു അൻസിബയുടെ നിലപാട്. ഒരു മതവിശ്വാസ കേന്ദ്രത്തെ പ്രധാന സ്പോൺസർ ആക്കുന്നത് മറ്റുള്ളവരിൽ അതൃപ്തി ഉണ്ടാക്കുമെന്ന് അൻസിബ അമ്മയുടെ യോഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഈ നിലപാടിനോട് ഭൂരിഭാഗം പേരും യോജിച്ചില്ല. ഇതോടെ അൻസിബയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘടനയിൽ തർക്കം കനക്കുകയായിരുന്നു.