Spotlight

വില്ലനാകാന്‍ എല്‍ നിനോ ! അടുത്തവര്‍ഷം മത്തി ലഭ്യത കുറയും; മല്‍സ്യ കര്‍ഷകര്‍ക്കും മുന്നറിയിപ്പ്

കൊച്ചി: സമുദ്രത്തിലെ താപനില വർദ്ധിക്കാൻ കാരണമാകുന്ന എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വ്യക്തമാക്കുന്നു.

കടലിലുണ്ടാകുന്ന കടുത്ത താപതരംഗങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറുമീനുകളെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത്. ഇത് രാജ്യത്തെ ആകെ സമുദ്രമത്സ്യ ലഭ്യതയെത്തന്നെ പിന്നോട്ടടിക്കും. സമുദ്രത്തിലെ താപനില തുടർച്ചയായി ഉയരുന്നത് പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകും. ഇത് പവിഴപ്പുറ്റുകളെ ആശ്രയിച്ച് ജീവിക്കുന്ന ചെമ്പല്ലി പോലുള്ള മത്സ്യങ്ങളുടെ വംശവർദ്ധനവിനെയും ലഭ്യതയെയും സാരമായി ബാധിക്കും.

ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തി പ്രാപിക്കുന്ന എൽ നിനോയുടെ പ്രതിഫലനം അടുത്ത വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ദൃശ്യമാകുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. എൽ നിനോ സാഹചര്യം മുൻനിർത്തി മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമായി ഈ വർഷം തന്നെ സി.എം.എഫ്.ആർ.ഐ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകും. കടുത്ത ചൂടിനും ഉയർന്ന ലവണാംശത്തിനും ശേഷം പെട്ടെന്ന് മഴ പെയ്യുമ്പോൾ തീരദേശങ്ങളിലും കായലുകളിലും ലവണാംശത്തിൽ വലിയ വ്യതിയാനമുണ്ടാകും. ഇത് മത്സ്യക്കൃഷിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ മത്സ്യകർഷകർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *