തിരുവനന്തപുരം: പരാതിക്കാരി കോടതിയിൽ മൊഴി മാറ്റിയതിനെ തുടർന്ന് ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിയെ കോടതി കുറ്റവിമുക്തനാക്കി. നെയ്യാറ്റിൻകര സബ് കോടതിയുടേതാണ് ഈ സുപ്രധാന വിധി. എൽദോസ് കുന്നപ്പിള്ളി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും, മുൻപ് നൽകിയ മൊഴികളെല്ലാം കടുത്ത മാനസിക സമ്മർദ്ദം കാരണം സംഭവിച്ചുപോയതാണെന്നും പരാതിക്കാരിയായ യുവതി കോടതിയിൽ തിരുത്തിപ്പറയുകയായിരുന്നു.
ഈ കേസിലെ മറ്റ് മൂന്ന് പ്രധാന സാക്ഷികളും നേരത്തെ തന്നെ മൊഴി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ നടന്ന വിസ്താരത്തിന്റെ ആദ്യ ഘട്ടത്തിൽ പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതടക്കം ഒട്ടേറെ നാടകീയ രംഗങ്ങൾ കോടതിയിൽ ഉണ്ടായി. എന്നാൽ അന്തിമ വിസ്താരത്തിലേക്ക് കടന്നപ്പോൾ തനിക്കെതിരെ യാതൊരുവിധ അതിക്രമങ്ങളും നടന്നിട്ടില്ലെന്നാണ് യുവതി വ്യക്തമാക്കിയത്.
പ്രതിക്കെതിരെ മറ്റ് ശാസ്ത്രീയ തെളിവുകളോ സാഹചര്യത്തെളിവുകളോ ഹാജരാക്കാൻ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനും കഴിഞ്ഞില്ല. ഇതോടെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിടാൻ കോടതി ഉത്തരവിട്ടത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആയിരുന്ന സമയത്ത് 2022-ൽ പലതവണ പീഡിപ്പിച്ചു എന്നതായിരുന്നു യുവതിയുടെ ആദ്യത്തെ പരാതി.
ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് എല്‍ദോസിനെതിരേയുള്ള പീഡനക്കേസില്‍ കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്. പരാതിക്കാരിയെ എംഎല്‍എ പല തവണ ബലാത്സംഗം ചെയ്തതായും തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നും ആരോപണത്തില്‍ പറയുന്നു. പേട്ട നിവാസിയായ യുവതി നല്‍കിയ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ രണ്ടു സുഹൃത്തുക്കളെയും പ്രതിയാക്കിയിരുന്നു.
മദ്യപിച്ചു വീട്ടിലെത്തി ഉപദ്രവിച്ചെന്നും പിന്നീട് ബലമായി കാറില്‍ കയറ്റി കോവളത്തേക്ക് കൊണ്ടുപോയെന്നും അതിനിടയിലും ഉപദ്രവിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി . അഞ്ചുവര്‍ഷമായി തങ്ങള്‍ പരിചയത്തിലാണെന്നും കോവളത്തുവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പല തവണ എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്. 2022 ജൂലൈ 4 നായിരുന്നു ആദ്യ സംഭവമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് തൃക്കാക്കരയിലെ വീട്ടില്‍ വെച്ചും കുന്നത്തുനാട്ടിലെ വീട്ടില്‍ വെച്ചും പീഡനത്തിനിരയാക്കിയെന്നും പറയുന്നു.
ഈ കേസ് നിലനിന്നിരുന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിലെ സിറ്റിങ് എം.എൽ.എ ആയിരുന്നിട്ടുകൂടി എൽദോസ് കുന്നപ്പിള്ളിക്ക് കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ല. വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായത് എൽദോസ് കുന്നപ്പിള്ളിക്കും കോൺഗ്രസ് നേതൃത്വത്തിനും ഒരുപോലെ വലിയ ആശ്വാസമാണ് നൽകുന്നത്.




