തന്റെ 56-ാം വയസ്സിൽ ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ് ഡിഗ്രി) നേടിയ അമ്മയെക്കുറിച്ച് മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് നിരവധി ആളുകളുടെ ഹൃദയം കവരുകയാണ്. വർഷങ്ങൾ നീണ്ട ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് ഈ കുറിപ്പിലൂടെ മകൾ പങ്കുവെച്ചത്.
ദുബായിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്ററായ നുമയ കരു ആണ് ഇൻസ്റ്റാഗ്രാമിലൂടെ അമ്മയുടെ ബിരുദദാന ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ജീവിതത്തിൽ ഭൂരിഭാഗം സമയവും മറ്റുള്ളവർക്ക് വേണ്ടിയാണ് അമ്മ മാറ്റിവെച്ചതെന്ന് നുമയ പറയുന്നു. പിതാവിന്റെ വേർപാടിന് ശേഷം കഴിഞ്ഞ ഒൻപത് വർഷമായി തങ്ങൾക്ക് അമ്മയും അച്ഛനുമെല്ലാം അവരായിരുന്നു. സ്വന്തം ദുഃഖം ഉള്ളിലൊതുക്കുമ്പോഴും അതിന്റെ നിഴൽ പോലും തങ്ങളുടെ മേൽ വീഴാതെ അമ്മ കാത്തുസൂക്ഷിച്ചു.
പൂർണ്ണസമയ ജോലിക്കൊപ്പം മക്കളെ വളർത്താനും അമ്മ സമയം കണ്ടെത്തി. വർഷങ്ങളായി പൂട്ടിക്കിടന്ന ഒരു ഗ്രാമീണ സ്കൂൾ സർക്കാർ വീണ്ടും തുറന്നപ്പോൾ അവിടുത്തെ ആദ്യത്തെ പ്രിൻസിപ്പലായി ചുമതലയേറ്റത് അമ്മയായിരുന്നു. ഒരു സ്കൂളും ഒരു കൂട്ടം കുട്ടികളുടെ ഭാവിയും കെട്ടിപ്പടുക്കാൻ കഠിനമായി ശ്രമിക്കുന്നതിനിടയിലാണ് വെറും ഒരു വർഷത്തിനിടയിൽ അമ്മയ്ക്ക് ഭർത്താവിനെയും സ്വന്തം മാതാപിതാക്കളെയും നഷ്ടപ്പെടുന്നത്. ആ വിയോഗങ്ങളെല്ലാം അമ്മ ധീരമായി നേരിട്ടു.
താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തയായ സ്ത്രീയാണ് അമ്മയെന്ന് നുമയ വിശേഷിപ്പിച്ചു. സ്ത്രീകൾക്ക് എന്തും സാധിക്കുമെന്ന് അവർ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് സ്നേഹം അവരെ അതിന് പ്രേരിപ്പിച്ചത് കൊണ്ടാണ്. ഒടുവിൽ, തന്റെ 56-ാം വയസ്സിൽ അമ്മ തനിക്കായി മാത്രം ഒരു കാര്യം ചെയ്യുകയും ബിരുദാനന്തര ബിരുദം നേടിയെടുക്കുകയും ചെയ്തു.
മറ്റൊരു രാജ്യത്തിരുന്നാണ് നുമയ ഈ ചടങ്ങ് കണ്ടത്. ആ സമയത്ത് വലിയ അഭിമാനവും ഒപ്പം അരികിൽ ഉണ്ടാകാൻ കഴിയാത്തതിലുള്ള സങ്കടവും തോന്നിയതായി അവർ പറഞ്ഞു. താൻ ഇപ്പോൾ ജീവിക്കുന്ന ഈ നല്ല ജീവിതം അമ്മ ആഗ്രഹിച്ചു തന്നതാണെങ്കിലും, ഇത്തരം സവിശേഷ നിമിഷങ്ങളിൽ ഒപ്പമുണ്ടാകാൻ കഴിയാത്തത് വലിയൊരു കുറ്റബോധമായി അവശേഷിക്കുന്നു.
തങ്ങൾ അമ്മയെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നുമയ കുറിപ്പ് അവസാനിപ്പിച്ചത്. യഥാർത്ഥ കരുത്തും ത്യാഗവും സ്നേഹവും എന്താണെന്ന് അമ്മ തങ്ങൾക്ക് കാണിച്ചുതന്നു. തന്റെ അമ്മയുടെ പകുതി ഗുണമെങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്. ഈ ബിരുദം പൂർണ്ണമായും അമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും നുമയ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഈ അമ്മയ്ക്ക് ആശംസകളുമായി എത്തിയത്. “വളരെ മനോഹരം”, “ഈ നേട്ടത്തിന് വലിയ അഭിനന്ദനങ്ങൾ”, “അഭിമാനം തോന്നുന്ന നിമിഷം” എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റുകൾ.




