Spotlight

‘ബാത്ത്റൂമിൽ പോകേണ്ടി വന്നതുകൊണ്ടാണ്… ചില്ലു തകര്‍ത്തതിനെ ന്യായീകരിക്കുന്നില്ല’; യുവതിയുടെ കുറിപ്പ്

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട് കെഎസ്ആർടിസി സൂപ്പർ പ്രീമിയം ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്തെത്തി. ആ സമയത്ത് താൻ വലിയ ശാരീരിക അസ്വസ്ഥതയും മാനസിക സമ്മർദ്ദവും അനുഭവിച്ചിരുന്നതായി യുവതി സമൂഹമാധ്യമത്തിൽ കുറിച്ചു. പെട്ടെന്ന് ബാത്ത്റൂമിൽ പോകേണ്ടി വന്നതിനാലുണ്ടായ പരിഭ്രാന്തിയിൽ എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റ് വഴികളൊന്നും തോന്നിയില്ലെന്നും താരം തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും അന്ന് തന്നെ സംഭവത്തിൽ മാപ്പ് ചോദിച്ചിരുന്നതായും യുവതി പറഞ്ഞു. ആ സമയത്ത് കാര്യങ്ങൾ കൈവിട്ടുപോയതാണ്. നിയമപരമായ നടപടികൾ അന്നുതന്നെ പൂർത്തിയാക്കിയതായും ബസ് ഗ്ലാസ് തകർത്തതിന് നഷ്ടപരിഹാരമായി 28,000 രൂപ അടച്ചു തീർത്തതായും യുവതി വ്യക്തമാക്കി. കണ്ടക്ടർക്കും ഡ്രൈവർക്കും എതിരെ പരാതികളൊന്നും ഇല്ലാതെ തന്നെ വിഷയം ഔദ്യോഗികമായി അവസാനിപ്പിച്ചതാണ്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും തുടർച്ചയായ ട്രോളുകളും തന്നെ മാനസികമായി തളർത്തുന്നുണ്ടെന്ന് യുവതി പറയുന്നു. ഈ വിഷയം ഇനി ആരും ചർച്ചയാക്കരുതെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും യുവതി അഭ്യർത്ഥിച്ചു. ഇത്തരം പ്രതികരണങ്ങൾ വലിയ മാനസിക വിഷമമുണ്ടാക്കുന്നതിനാൽ ഈ സംഭവത്തെക്കുറിച്ച് ചോദിച്ച് ഇനി ആരും തന്നെ ബന്ധപ്പെടരുതെന്നും യുവതി തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കോഴിക്കോട് മിംസ് സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്. പ്രീമിയം സർവീസായതിനാൽ സ്റ്റോപ്പില്ലെന്ന് ജീവനക്കാർ പറഞ്ഞിട്ടും യുവതി ബഹളം വെക്കുകയും എമർജൻസി ബ്രേക്കർ ഉപയോഗിച്ച് ഗ്ലാസ് അടിച്ചു തകർക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതോടെ വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് യുവതിയുടെ വിശദീകരണം വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *