Featured Good News

പ്രസവത്തിനു ശേഷം ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ, മഹാദാനത്തിന്റെ ഭാഗമാകണമെന്ന് ജ്വാല ഗുട്ട, അഭിനന്ദന പ്രവാഹം

പ്രസവത്തിന് ശേഷം ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികളിലേക്ക് 60 ലിറ്ററോളം മുലപ്പാൽ ദാനം ചെയ്ത് ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാല ഗുട്ട മാതൃകയായി. തനിക്ക് പെൺകുഞ്ഞ് പിറന്നതിന് പിന്നാലെയാണ് ഈ തീരുമാനമെടുത്തതെന്ന് ജ്വാല എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) കഴിയുന്ന കുഞ്ഞുങ്ങൾക്കായി പ്രസവശേഷം ഒരു വർഷത്തോളമാണ് താൻ പാൽ ദാനം ചെയ്തതെന്നും താരം വെളിപ്പെടുത്തി.

കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ജ്വാലയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയത്. എന്തുകൊണ്ടാണ് താൻ ഈ കാര്യം പരസ്യമാക്കിയതെന്നും ജ്വാല വ്യക്തമാക്കുന്നുണ്ട്. വെറും 100 മില്ലി ലിറ്റർ പാൽ മാത്രം മതിയാകും ഒരു കിലോ ഭാരമുള്ള കുട്ടിക്ക് ദിവസങ്ങളോളം ഉപയോഗിക്കാൻ എന്നതിനാൽ, എൻഐസിയുകളിൽ കഴിയുന്ന ഒട്ടേറെ കുഞ്ഞുങ്ങൾക്ക് ഇത് വലിയൊരു സഹായമാകുമെന്ന് ജ്വാല കുറിച്ചു.

വിവിധ ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്വന്തം അമ്മയുടെ പാൽ ലഭിക്കാത്ത ഒട്ടേറെ കുഞ്ഞുങ്ങൾ എൻഐസിയുകളിൽ ഉണ്ടെന്നും അങ്ങനെയുള്ളവർക്ക് ദാനം കിട്ടുന്ന പാൽ പ്രതിരോധശേഷിയും മികച്ച പോഷകവും നൽകുമെന്നും ജ്വാല പറയുന്നു. മുലപ്പാൽ ദാനം ചെയ്യുന്നതിനെക്കുറിച്ച് അടുത്തുള്ള സർക്കാർ ആശുപത്രികളിൽ വിളിച്ച് അന്വേഷിക്കണമെന്നും താരം എല്ലാവരോടുമായി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *