Featured Sports

ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ലക്നൗവിന്റെ ഇരുട്ടടി, 6,6,6,6, തുടർച്ചയായ സിക്സുകളുമായി പുരാന്റെ ഫിനിഷിങ്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി ലക്നൗ സൂപ്പർ ജയന്റ്സ് വിജയം സ്വന്തമാക്കി. നിർണായക പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ലക്നൗ ചെന്നൈയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ, 16.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സീസണിലെ ആറാം തോൽവി വഴങ്ങിയ ചെന്നൈ നിലവിൽ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും ചെന്നൈയ്ക്ക് പരമാവധി 16 പോയിന്റ് മാത്രമേ ലഭിക്കൂ എന്നതിനാൽ, പ്ലേ ഓഫ് യോഗ്യതയ്ക്കായി മറ്റ് ടീമുകളുടെ ഫലങ്ങളെയും നെറ്റ് റൺറേറ്റിനെയും ആശ്രയിക്കേണ്ടി വരും.

പട്ടികയിൽ മുന്നിലുള്ള ബാംഗ്ലൂരിനും ഗുജറാത്തിനും ഇപ്പോൾ തന്നെ 16 പോയിന്റുണ്ട്. അതേസമയം, പത്താം സ്ഥാനത്തുള്ള ലക്നൗ നേരത്തെ തന്നെ പ്ലേ ഓഫ് മത്സരത്തിൽ നിന്ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച മിച്ചൽ മാർഷാണ് ലക്നൗവിന്റെ വിജയം അനായാസമാക്കിയത്. 38 പന്തിൽ നിന്ന് 90 റൺസാണ് താരം അടിച്ചെടുത്തത്. ജോഷ് ഇംഗ്ലിഷ് (36), നിക്കോളാസ് പുരാൻ (32) എന്നിവരും ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ഓപ്പണിങ് വിക്കറ്റിൽ മിച്ചൽ മാർഷും ജോഷ് ഇംഗ്ലിഷും ചേർന്ന് 135 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പവർപ്ലേയിൽ തന്നെ 86 റൺസ് നേടിയ ലക്നൗ വളരെ വേഗത്തിൽ 100 കടന്നു. ജോഷ് ഇംഗ്ലിഷ് റൺഔട്ടായതിന് പിന്നാലെ മിച്ചൽ മാർഷും പുറത്തായെങ്കിലും ചെന്നൈയ്ക്ക് കളിയിലേക്ക് തിരിച്ചുവരാനായില്ല. അബ്ദുൽ സമദും പുറത്തായെങ്കിലും നിക്കോളാസ് പുരാനും മുകുൾ ചൗധരിയും ചേർന്ന് 20 പന്തുകൾ ബാക്കി നിൽക്കെ ലക്നൗവിനെ വിജയതീരത്തെത്തിച്ചു. അൻഷുൽ കാംബോജ് എറിഞ്ഞ പതിനേഴാം ഓവറിൽ തുടർച്ചയായ നാല് സിക്സറുകൾ പറത്തിയാണ് പുരാൻ കളി അവസാനിപ്പിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസ് നേടിയത്. അർധ സെഞ്ചറി നേടിയ കാർത്തിക് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ് ചെന്നൈയെ മാന്യമായ സ്കോറിലെത്തിച്ചത്. 42 പന്തിൽ നിന്ന് 71 റൺസാണ് താരം നേടിയത്. ശിവം ദുബെ (32), ഡെവാൾഡ് ബ്രെവിസ് (25), സഞ്ജു സാംസൺ (20) എന്നിവരും സ്കോറിലേക്ക് ആവശ്യമായ സംഭാവനകൾ നൽകി.

ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും സഞ്ജുവും ചേർന്ന് ഇന്നിങ്സ് തുടങ്ങിയെങ്കിലും അരങ്ങേറ്റക്കാരനായ ആകാശ് സിങ്ങിന്റെ ബൗളിങ് ചെന്നൈയുടെ ടോപ്പ് ഓർഡറിനെ തകർത്തു. ഋതുരാജ്, സഞ്ജു, ഉർവിൽ പട്ടേൽ എന്നിവരുടെ വിക്കറ്റുകൾ ആകാശാണ് വീഴ്ത്തിയത്. പവർപ്ലേയിൽ പതുക്കെ തുടങ്ങിയ ചെന്നൈയെ കാർത്തിക് ശർമ്മയുടെ ബാറ്റിങ്ങാണ് പിന്നീട് കരകയറ്റിയത്. അവസാന ഓവറുകളിൽ ശിവം ദുബെയും പ്രശാന്ത് വീറും ചേർന്ന് സ്കോർ 180 കടത്തി. ലക്നൗവിന് വേണ്ടി ആകാശ് സിങ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമിയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.