Spotlight

‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയും, മകൾക്കെതിരെയെങ്കില്‍ പാർട്ടിക്കാരെ വിളിക്കരുത്’: സിപിഎമ്മിൽ വിമർശനം

കൊല്ലം ∙ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അത് തടയാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും എന്നാൽ അദ്ദേഹത്തിന്റെ മകൾക്കെതിരെയുള്ള അന്വേഷണത്തിൽ പ്രതിരോധിക്കാൻ പാർട്ടിക്കാരെ വിളിക്കരുതെന്നും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ തോൽവിക്ക് പ്രധാന ഉത്തരവാദി പിണറായി വിജയനാണ്. ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ വോട്ടെടുപ്പ് നടത്തേണ്ടി വന്ന ഈ പാർട്ടിയിലേക്ക് ഇനി ആരെങ്കിലും കടന്നുവരുമോ എന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി അടിയന്തരമായി പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിയണമെന്നും വൻ പരാജയമായി മാറിയ സംസ്ഥാന സെന്റർ അഴിച്ചുപണിയണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ഒരു ടിവി കമ്പനിയുടെ പരസ്യം നൽകുന്നതുപോലെ പിണറായി വിജയന്റെ ചിത്രം മാത്രം വെച്ച് നാടുനീളെ ബോർഡുകൾ സ്ഥാപിച്ചത് ജനങ്ങളിൽ കടുത്ത വെറുപ്പാണ് ഉണ്ടാക്കിയത്. ഇത്തരം കാലഹരണപ്പെട്ട പ്രചാരണ രീതികൾ ഉപദേശിച്ചു നൽകിയ പിആർ കമ്പനിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്.

എം.വി. ഗോവിന്ദന്റെ ഭാര്യയെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത് തികച്ചും തെറ്റായ തീരുമാനമായിരുന്നു. അതോടെ സാധാരണക്കാരായ സഖാക്കൾക്ക് പാർട്ടിയോടുള്ള വിശ്വാസമാണ് നഷ്ടപ്പെട്ടത്. എം.വി. ഗോവിന്ദൻ നടത്തുന്ന വാർത്താസമ്മേളനങ്ങൾ ഇപ്പോൾ പാർട്ടിക്കാർ പോലും കാണാറില്ലെന്നും, പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പാർട്ടി നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടുവെന്നും യോഗത്തിൽ അംഗങ്ങൾ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *