തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഉടൻ തന്നെ പുറത്തിറങ്ങും. ഇതിനു പുറമേ നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമന പ്രകാരം ജോലി നൽകാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ട നവീന്റെ ഭാര്യ മഞ്ജുഷ, മക്കളായ നിരഞ്ജന, നിരുപമ എന്നിവരെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഈ വിവരങ്ങൾ നേരിട്ട് അറിയിക്കുകയായിരുന്നു.
കേസ് സിബിഐക്ക് വിടണമെന്ന് നവീന്റെ കുടുംബം ഏറെ നാളായി ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻപുണ്ടായിരുന്ന സർക്കാർ ഇതിന് തയ്യാറായിരുന്നില്ല. സിപിഎം നേതൃത്വം പ്രതിരോധത്തിലായ ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐക്ക് വിടണമെന്നും കാട്ടി മഞ്ജുഷ കോടതിയെ സമീപിച്ചപ്പോഴും എൽഡിഎഫ് സർക്കാർ അതിനെ എതിർത്തു. മൂത്ത മകൾക്ക് ആശ്രിത നിയമനത്തിന് യോഗ്യതയുണ്ടായിട്ടും അതും അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങൾ മുഖ്യമന്ത്രി സതീശനെ കണ്ട് സങ്കടം ബോധിപ്പിച്ചത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിനെ തുടർന്ന് നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ കോൾ വിവരങ്ങൾ പൂർണ്ണമായി റിപ്പോർട്ടിനൊപ്പം നൽകിയിട്ടില്ല. ദിവ്യ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളുടെയും 2024 ജനുവരി 16 മുതൽ നവംബർ 15 വരെയുള്ള കോൾ വിവരങ്ങൾ ഹാജരാക്കാനായിരുന്നു കോടതി നിർദേശിച്ചിരുന്നത്.
എന്നാൽ, ഒരു ഫോണിലെ മാർച്ച് 1 മുതലുള്ള വിവരങ്ങളും മറ്റേ ഫോണിലെ ഏപ്രിൽ 1 മുതലുള്ള കോൾ വിവരങ്ങളും മാത്രമാണ് കോടതിയിൽ എത്തിയത്. കോൾ വിവരങ്ങൾ എന്തുകൊണ്ടാണ് പൂർണ്ണമായി നൽകാത്തതെന്ന് കോടതി ചോദിച്ചു. ഇതിന് മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ജൂൺ ഒന്നിലേക്ക് മാറ്റി വച്ചിരിക്കുകയാണ്.




