Spotlight

ജി.സുധാകരനു മുന്നിൽ പിണറായി സത്യപ്രതിജ്ഞ ചെയ്യുമോ? നിയമസഭാ ആദ്യ സമ്മേളനത്തില്‍ കാത്തിരിക്കുന്ന കൗതുകം

തിരുവനന്തപുരം∙ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് തുടങ്ങുമ്പോൾ, സഭയ്ക്കുള്ളിലെ ഏറ്റവും വലിയ കൗതുകം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സത്യപ്രതിജ്ഞയായിരിക്കും. അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരനായിരിക്കും പ്രോടെം സ്‌പീക്കറായി അന്ന് സഭ നിയന്ത്രിക്കുക. അതുകൊണ്ടുതന്നെ, ജി. സുധാകരന് മുന്നിൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പിണറായി വിജയൻ എത്തുമോ അതോ മാറിനിൽക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.

നിലവിലെ സഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന മുതിർന്ന അംഗമെന്ന പരിഗണനയിലാണ് ജി. സുധാകരനെ പ്രോടെം സ്പീക്കറായി നിശ്ചയിച്ചിരിക്കുന്നത്. മേയ് 21-ന് നടക്കുന്ന പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂർണ്ണമായ ചുമതല ജി. സുധാകരനായിരിക്കും നിർവ്വഹിക്കുക.

നിയമപരമായ ചട്ടങ്ങൾ അനുസരിച്ച് ആദ്യദിവസം പ്രോടെം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്തവർക്ക്, പിന്നീട് സ്ഥിരം സ്പീക്കറെ തിരഞ്ഞെടുത്ത ശേഷം അദ്ദേഹത്തിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരമുണ്ട്. മേയ് 22-ന് യുഡിഎഫിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ സ്പീക്കറായി ചുമതലയേൽക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *