Celebrity Featured

മന്ത്രിസഭാ സത്യപ്രതിജ്ഞയില്‍ ഏ​വരുടേയും ശ്രദ്ധനേടിയ മുഖം; വാസുകിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ, മന്ത്രിമാർക്ക് സത്യവാചകം അടങ്ങിയ ഫയൽ കൈമാറിയ ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി ഐഎഎസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ‘ക്യാമറക്കണ്ണുകളും സോഷ്യൽ മീഡിയയും ഒരുപോലെ ശ്രദ്ധിച്ച മുഖം’ എന്ന പേരിലാണ് ചടങ്ങിന് പിന്നാലെ ഇവരുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

ആരാണെന്നറിയാൻ പലരും ഗൂഗിളിൽ തിരഞ്ഞ ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥ, പൊതുവിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്നാണ് കഴിഞ്ഞ ദിവസം ഗവർണറുടെ സെക്രട്ടറിയായി ചുമതലയേറ്റത്. 2016-ൽ പിണറായി വിജയൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്ലാസ്റ്റിക് വിമുക്തമാക്കാൻ നേതൃത്വം നൽകിയതും ഇതേ വാസുകി തന്നെയായിരുന്നു.

ചെന്നൈ സ്വദേശിയായ വാസുകി 2008-ലാണ് മധ്യപ്രദേശ് കേഡറിൽ സിവിൽ സർവീസിലെത്തുന്നത്. പിന്നീട് ഭർത്താവ് ഡോ. എസ്. കാർത്തികേയനും സിവിൽ സർവീസിൽ എത്തിയതോടെ 2013-ൽ ഇരുവരും കേരള കേഡറിലേക്ക് മാറി. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അവർ 2017-ൽ തിരുവനന്തപുരം കളക്ടറായി ചുമതലയേറ്റു. 2018-ലെ മഹാപ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും മികച്ച രീതിയിൽ ഏകോപിപ്പിച്ച് കേരളത്തെ കൈപിടിച്ചുയർത്തിയവരിൽ പ്രധാനിയായിരുന്നു ഡോ. വാസുകി.

ഡോക്ടർ ജോലി ഉപേക്ഷിച്ചാണ് വാസുകി സിവിൽ സർവീസിലേക്ക് കടന്നുവന്നത്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് അവർ ആദ്യം എംബിബിഎസ് എടുത്തത്. എന്നാൽ ജനങ്ങളെ സഹായിക്കാൻ ഡോക്ടറേക്കാൾ കൂടുതൽ അവസരങ്ങൾ ലഭിക്കുക ഒരു ഐഎഎസ് ഓഫീസർക്കാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അവർ സിവിൽ സർവീസ് മേഖല തിരഞ്ഞെടുത്തത്.

അതേസമയം, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന വൻ ചടങ്ങിൽ വി.ഡി സതീശൻ കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പദവിയിലെത്തുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. വി.ഡി. സതീശനും മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ 21 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫ് ചരിത്രത്തിൽ ആദ്യമായി മുഴുവൻ മന്ത്രിമാരും ഒന്നിച്ച് അധികാരമേറ്റ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *