Featured Sports

ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം, പ്ലേഓഫിലേക്ക് ഹൈദരാബാദ്; ഇഷാൻ കിഷന് അർധ സെഞ്ച്വറി

ചെന്നൈയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് യോഗ്യത നേടി. ചെന്നൈ ഉയർത്തിയ 181 റൺസ് എന്ന വിജയലക്ഷ്യം ആറ് പന്ത് ബാക്കിനിൽക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെയും മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഹെൻറിച്ച് ക്ലാസന്റെയും പ്രകടനമാണ് ഹൈദരാബാദിന് തുണയായത്. ഈ വിജയത്തോടെ ഹൈദരാബാദിനൊപ്പം ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫ് ഉറപ്പിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസെടുത്തത്. 27 പന്തിൽ 44 റൺസ് നേടിയ ഡിവാൾഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 39 റൺസെടുത്ത കാർത്തിക് ശർമയും നന്നായി കളിച്ചു. കാർത്തിക് ശർമ – റുതുരാജ് സഖ്യത്തിന്റെ 42 റൺസും, ബ്രെവിസ് – ദുബെ സഖ്യം ചേർത്ത 59 റൺസുമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ചെന്നൈയെ തകർത്തത്.

മറുപടി ഇന്നിങ്സ് തുടങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് 19 ഓവറിലാണ് ലക്ഷ്യം കണ്ടത്. ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കിയത്. 47 പന്തിൽ നിന്നും 70 റൺസാണ് താരം അടിച്ചെടുത്തത്. 47 റൺസ് നേടി പുറത്താകാതെ നിന്ന ഹെൻറിച്ച് ക്ലാസനും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അഭിഷേക് ശർമ (26), ട്രാവിസ് ഹെഡ് (6), നിതീഷ് കുമാർ റെഡ്ഡി (11), സലിൽ അറോറ (10) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. ഈ ജയത്തോടെ ഹൈദരാബാദ് പ്ലേഓഫിലേക്ക് മുന്നേറി.

ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം മെയ് 21 വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്. ബംഗളൂരുവാണ് സൺറൈസേഴ്സിന്റെ അടുത്ത എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *