Spotlight

സത്യപ്രതിജ്ഞ ചടങ്ങില്‍ റിനി ആൻ ജോർജിനെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ റിനി ആൻ ജോർജിനെ കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചു. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ റിനിക്ക് നേരെ കൂക്കിവിളി ഉയർത്തിയത്.

നേരത്തെ ഒരു അഭിമുഖത്തിൽ റിനി ആൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് വി.ഡി. സതീശനുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് റിനി.

പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത സമയത്ത് ‘പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും’ എന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടും റിനി ആശംസകൾ അറിയിച്ചിരുന്നു.

ഒരു അഭിമുഖത്തിൽ റിനി നടത്തിയ തുറന്നുപറച്ചിലുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെ വിവാദത്തിലാക്കിയത്. ഇതിന് പിന്നാലെയാണ് രാഹുലിനെതിരായ ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നതും പീഡനത്തിനിരയായ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതും. യുവനേതാവിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റവും അശ്ലീല സന്ദേശങ്ങളും ഉണ്ടായെന്നായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ ഈ വിഷയം പലരോടും സംസാരിച്ചെങ്കിലും സ്ത്രീപക്ഷവാദികളായ പല പ്രമുഖരും ഇത് ഗൗനിച്ചില്ലെന്നും റിനി കുറ്റപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ റിനി ആൻ ജോർജിന് നേരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *