Crime

പ്രണയാഭ്യർഥന നിരസിച്ച യുവതിയെ കഴുത്തറത്ത് കൊന്നു; ആൾക്കൂട്ട ആക്രമണത്തിൽ പ്രതിയും കൊല്ലപ്പെട്ടു

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ യുവാവ് നാട്ടുകാരുടെ മർദനമേറ്റ് മരിച്ചു. തെലങ്കാനയിലെ ജഡ്ചേർലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആക്രമണം നടത്തിയ പ്രതിയെ ഓടിക്കൂടിയ ജനങ്ങൾ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു.

ജഡ്ചേർലയിലെ ഒരു സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 21 വയസ്സുകാരി വൈ. വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു ഈ ദാരുണ സംഭവം. വൈഷ്ണവിയെ പ്രതി നിരന്തരം ശല്യം ചെയ്യുകയും പ്രേമാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ യുവതി ഇത് പൂർണ്ണമായും നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വൈഷ്ണവിയെ പ്രതി പിന്തുടരുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. തുടർന്ന് കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. വിവരമറിഞ്ഞ് പോലീസെത്തി ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി.

പ്രതിയുടെ പേര് തേജ എന്നാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇയാളുടെ മൊബൈൽ ഫോണോ മറ്റ് തിരിച്ചറിയൽ രേഖകളോ സംഭവസ്ഥലത്തുനിന്ന് കണ്ടെത്താനായിട്ടില്ല. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

കൊല്ലപ്പെട്ട വൈഷ്ണവിയും പ്രതിയും മുൻപ് ഒരേ സ്കൂളിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് സൂചന. അവിടെ വെച്ചുള്ള പരിചയമാണ് ശല്യപ്പെടുത്തലിലേക്ക് എത്തിയത്. പ്രണയാഭ്യർഥന നിരസിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ മുൻപും തർക്കങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *