Spotlight

‘UDF. കൈയടിവേണ്ട, ഞാന്‍ സ്വതന്ത്ര MLA, സാംസ്‌കാരിക നായകര്‍ ‘കാലുനക്കികളായി, കരിമണല്‍ കൊള്ള അന്വേഷിക്കണം’- ജി. സുധാകരന്‍

തിരുവനന്തപുരം: ഇന്നത്തെ സാംസ്‌കാരിക നായകര്‍ ‘കാലുനക്കികള്‍’ ആയി മാറിയെന്ന്‌ ജി. സുധാകരന്‍ നിയമസഭയില്‍ . നവകേരളം, നവോത്‌ഥാന കേരളം എന്നൊക്കെ വെറുതെ പറയുന്നതിൽ ഒരു കാര്യവുമില്ല. വെറുതെ എഴുതി വായിക്കുന്നതോ സഭയിൽ ഇരുന്നിട്ട്‌ എഴുന്നേല്‍ക്കുന്നതോ അല്ല യഥാർത്ഥ നവോത്‌ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം. ബന്ധം ഉപേക്ഷിച്ച്‌, യു.ഡി.എഫ്‌. പിന്തുണയോടെ അമ്പലപ്പുഴയില്‍നിന്ന്‌ ജയിച്ച്‌ വലിയൊരു ഇടവേളയ്‌ക്കുശേഷം വീണ്ടും നിയമസഭയിലെത്തിയപ്പോഴും തന്റെ മൂർച്ചയേറിയ പ്രതികരണ ശേഷി ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സുധാകരന്റെ ഇന്നലത്തെ പ്രസംഗം.

ഇടതുപക്ഷ സർക്കാരിനെതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചപ്പോൾ ഭരണപക്ഷത്തുനിന്നു വലിയ കൈയടി ഉയർന്നു. എന്നാൽ ആ കൈയടിയെ തടയാനും സുധാകരൻ മറന്നില്ല. താന്‍ സ്വന്തം നിലപാടുകളുള്ള ഒരു സ്വതന്ത്ര ജനകീയ എം.എല്‍.എയാണെന്നും, നാടിന്റെ കാര്യം തുറന്നു പറഞ്ഞതിന് ആരുടെയും കൈയടി തനിക്ക് വേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പുതിയ തലമുറയിലെ യുവാക്കള്‍ കഞ്ചാവിനും ചരസിനും പോലുള്ള മയക്കുമരുന്നുകൾക്ക് അടിപ്പെട്ട്‌ വഴിതെറ്റി നടക്കുകയാണെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. പുതിയ കമ്യൂണിസ്‌റ്റുകാരില്‍ എത്രപേര്‍ ശരിക്കും കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ വായിച്ചിട്ടുണ്ടെന്ന് ചോദിച്ച അദ്ദേഹം, ഇവിടെ സോഷ്യല്‍ ഡെമോക്രസിയാണോ അതോ പീപ്പിള്‍ ഡെമോക്രസിയാണോ നടപ്പാക്കേണ്ടതെന്ന രാഷ്ട്രീയ ചോദ്യവും മുന്നോട്ടുവെച്ചു.

താന്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ തടസ്സം ഉന്നയിച്ച ആൾ അതിന് എന്ത് യോഗ്യതയാണുള്ളതെന്ന് സ്‌പീക്കര്‍ വ്യക്‌തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കെ-റെയിൽ പദ്ധതിക്കായി ജനങ്ങളുടെ അടുക്കളയിൽ വരെ മഞ്ഞക്കുറ്റിയിട്ടതാണ് തിരിച്ചടിയായതെന്നും, അത് മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചതു നന്നായെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സംസ്‌ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ധനസ്‌ഥിതി പത്രം ഇറക്കണമെന്നും കരിമണല്‍ കൊള്ളയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *