ഡെറാഡൂണ്‍: വിവാഹിതയായ യുവതിയോട് ഭര്‍തൃവീട്ടുകാര്‍ കാട്ടിയത് അതിക്രൂരമായ അതിക്രമം . ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ യുവതിയെ ഏകദേശം 10 മാസത്തോളം ഒറ്റമുറിയിലും ശൗചാലയത്തിലുമായി പൂട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഈ ക്രൂരതയ്ക്കിടയിൽ വേവിക്കാത്ത പച്ചയരിയും ഉള്ളിയും മുളകും മാത്രമാണ് ഇവർക്ക് ഭക്ഷണമായി നല്‍കിയിരുന്നത്.
കൂടാതെ കുപ്പികളും വടികളും പൈപ്പുകളും ഉപയോഗിച്ച് യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി മര്‍ദിച്ചതായും യുവതിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ ഖണ്ഡൂരി, അയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരേ സെലാകുയി പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്നുപേരും ചേർന്നാണ് മകളെ മർദിച്ചതെന്ന് പിതാവ് പറയുന്നു.
രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവർക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഭര്‍ത്താവ് ജോലി ആവശ്യത്തിനായി ഡല്‍ഹിയിലായിരുന്ന സമയത്ത് യുവതി ഡെറാഡൂണിലെ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മുതലാണ് യുവതിയെ മുറിയിലും ശൗചാലയത്തിലും അടച്ചിട്ട് പീഡിപ്പിക്കാന്‍ തുടങ്ങിയത്. അവധിക്കു നാട്ടിലെത്തിയ സമയത്ത് ഭര്‍ത്താവും ഈ ക്രൂരതകളിൽ പങ്കാളിയാവുകയും മര്‍ദനം തുടരുകയും ചെയ്തു. ക്രൂരമായ മർദനമേറ്റ് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകളുണ്ട്. ബലമായി മുടി പിഴുതെടുക്കുന്ന തരത്തിലുള്ള ക്രൂരത കാട്ടിയതിനാല്‍ തലയില്‍ മുടിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. നിരന്തരമായ ഈ പീഡനം കാരണം മകളുടെ മാനസികാരോഗ്യം പൂർണ്ണമായി തകർന്നതായും പിതാവ് പരാതിപ്പെട്ടു.
കഴിഞ്ഞ പത്ത് മാസത്തിനിടയിൽ സ്വന്തം കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനോ അവരോട് ഫോണില്‍ സംസാരിക്കാനോ ഭർതൃവീട്ടുകാർ യുവതിയെ അനുവദിച്ചിരുന്നില്ല. മകളെയും പേരക്കുട്ടികളെയും കാണാന്‍ തങ്ങള്‍ അവരുടെ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ പലവിധ കാരണങ്ങള്‍ പറഞ്ഞ് തടയുകയായിരുന്നു പതിവ്. ഫോണില്‍ വിളിക്കുമ്പോഴെല്ലാം യുവതി ഉറങ്ങുകയാണെന്നോ കുളിക്കുകയാണെന്നോ ഉള്ള നുണകളാണ് അവർ പറഞ്ഞിരുന്നത്. മൃഗങ്ങളോടെന്ന പോലെ പെരുമാറിയ അവർ മകൾക്ക് ഒരു തരത്തിലുള്ള മാനുഷിക പരിഗണനയും നല്‍കിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു.




