Featured Sports

കിംഗ് കോലിയുടെ വെടിക്കെട്ട് സെഞ്ചറി, കൊൽക്കത്തയെ വീഴ്ത്തി ആർസിബി ഒന്നാമത്, പ്ലേ ഓഫിന് അരികെ

റായ്പുർ∙ വിരാട് കോലിയുടെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫിന് തൊട്ടരികിലെത്തി. ആറു വിക്കറ്റിന്റെ ആവേശകരമായ വിജയമാണ് ആർസിബി സ്വന്തമാക്കിയത്. ഓപ്പണറായി ഇറങ്ങിയ കോലി 60 പന്തിൽ നിന്ന് 11 ഫോറും 3 സിക്സും അടക്കം 105 റൺസുമായി പുറത്താകാതെ നിന്നു. കൊൽക്കത്ത മുന്നോട്ടുവെച്ച 193 റൺസ് എന്ന വെല്ലുവിളി നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു മറികടന്നു.

ഈ വിജയത്തോടെ 16 പോയിന്റുമായി ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഗുജറാത്തിനും ഇതേ പോയിന്റുണ്ടെങ്കിലും റൺറേറ്റിലെ മുൻതൂക്കം ബെംഗളൂരുവിനെ ഒന്നാമതാക്കി. രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ പ്ലേ ഓഫ് ഉറപ്പിച്ച ആർസിബിക്കായി 27 പന്തിൽ 39 റൺസെടുത്ത ദേവ്ദത്ത് പടിക്കലും നിർണ്ണായക പ്രകടനം കാഴ്ചവെച്ചു. പവർപ്ലേയിൽ ജേക്കബ് ബെതലിനെ നഷ്ടമായെങ്കിലും കോലി-പടിക്കൽ സഖ്യം പത്തോവറിൽ ടീമിനെ 100 കടത്തി മികച്ച അടിത്തറയൊരുക്കി.

ടീം സ്കോർ 129-ൽ നിൽക്കെ പടിക്കലിനെ കാർത്തിക് ത്യാഗി പുറത്താക്കി. പിന്നാലെ വന്ന ക്യാപ്റ്റൻ രജത് പാട്ടീദാറും (11), ടിം ഡേവിഡും (2) നിരാശപ്പെടുത്തിയെങ്കിലും കോലി ക്രീസിൽ ഉറച്ചുനിന്നു. 32 പന്തിൽ അർധസെഞ്ചറി പിന്നിട്ട കോലി അടുത്ത 26 പന്തുകൾക്കുള്ളിൽ സെഞ്ചറി തികച്ചു. അവസാന രണ്ട് ഓവറിൽ 12 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിൽ ജിതേഷ് ശർമയെ കൂട്ടുപിടിച്ച് കോലി 19.1 ഓവറിൽ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടൊപ്പം ധോണിയെ മറികടന്ന് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരം (279) കളിച്ച താരമെന്ന റെക്കോർഡും ഗെയ്ലിനെ പിന്തള്ളിക്കൊണ്ട് അതിവേഗം 14000 ടി20 റൺസ് നേടുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 192 റൺസാണ് നേടിയത്. 46 പന്തിൽ 71 റൺസെടുത്ത അങ്ക്രിഷ് രഘുവംശിയാണ് അവരുടെ സ്കോറിംഗിന് കരുത്തായത്. റിങ്കു സിങ് (49), കാമറൂൺ ഗ്രീൻ (34) എന്നിവരും മികച്ച പ്രകടനം നടത്തി. ഫിൻ അലന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും രഘുവംശിയുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ആർസിബിക്കായി ഭുവനേശ്വർ കുമാർ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *