ജയ്പൂര്‍: കാമുകനെ കാണാനും വിവാഹത്തിനു നിര്‍ബന്ധിക്കാനും 37 വയസുകാരിയായ കാമുകി യാത്ര ചെയ്‌തത് 600 കിലോമീറ്റര്‍. കാറിലെത്തിയ യുവതിയെ കാമുകന്‍ കൊലപ്പെടുത്തി അതേ കാറില്‍ ഉപേക്ഷിച്ചു.
രാജസ്‌ഥാനിലെ ജുന്‍ജുനുവിലെ ആംഗണ്‍വാടി സൂപ്പര്‍വൈസറായ മുകേഷ് കുമാരിയാണു ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ മനോരമിനെ കാണാന്‍ യാത്ര ചെയ്‌തത്. മുകേഷിനെ മനോരം ഇരുമ്പ് വടി ഉപയോഗിച്ച് തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണു മുകേഷ് കുമാരി വിവാഹ മോചിതയായത്. കഴിഞ്ഞ ഒക്‌ടോബറില്‍, ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ മനോരമിനെ ഫെയ്‌സ്‌ബുക്കില്‍ പരിചയപ്പെട്ടു. ഫെയ്‌സ്‌ബുക്കിലൂടെ തന്നെ ബന്ധം വളര്‍ന്നു.
പലപ്പോഴും ജുന്‍ജുനുവില്‍നിന്ന് ബാര്‍മറിലേക്ക് – ഏകദേശം 600 കിലോമീറ്റര്‍ ദൂരം – മനോരമിനെ കാണാന്‍ അവര്‍ യാത്ര ചെയ്യുമായിരുന്നു.
മുകേഷിനു വിവാഹ മോചനം ലഭിച്ചപ്പോള്‍ മനോരമിന്റെ വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കുകയായിരുന്നു. വിവാഹത്തിനു നിര്‍ബന്ധിക്കാനാണു മുകേഷ് സെപ്‌റ്റംബര്‍ 10 ന് ഓള്‍ട്ടോ കാറില്‍ ജുന്‍ജുനുവില്‍നിന്ന് ബാര്‍മറിലെത്തിയത്. വീട്ടിലെത്തി വിവാഹം വേഗം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അത് മനോരമിനെ പ്രകോപിപ്പിച്ചു. അയാള്‍ പോലീസിനെ വിളിച്ചു. സംസാരിച്ചു പ്രശ്‌നം പരിഹരിക്കാനായിരുന്നു പോലീസിന്റെ നിര്‍ദേശം. സന്ധ്യയ്‌ക്ക്, ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ, മനോരം ഇരുമ്പുകൊണ്ടുള്ള വടി ഉപയോഗിച്ചു മുകേഷിന്റെ തലയില്‍ അടിക്കുകയായിരുന്നു. മൃതദേഹം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ വച്ചു. അപകടമായി ചിത്രീകരിക്കാന്‍ കാര്‍ വഴിയരികില്‍ മറിച്ചിടുകയും ചെയ്‌തു.
പിറ്റേന്ന് രാവിലെ, മുകേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി അയാള്‍ പോലീസിനെ അറിയിച്ചു. മുകേഷിന്റെ മരണസമയത്ത് ഇരുവരുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒന്നുതന്നെയാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍, മനോരം കുറ്റം സമ്മതിച്ചു. മുകേഷിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുയാണെന്നു ബാര്‍മര്‍ ജില്ലാ പോലീസ് സൂപ്രണ്ട് നരേന്ദ്ര സിങ് അറിയിച്ചു.




