യെമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പ് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്‌ദുള്‍ ഫത്താഹ് മഹ്‌ദി. ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും സഹോദരന്‍ പറഞ്ഞു.
കുടുംബത്തിലെ മറ്റു പലരും നിമിഷ പ്രിയക്കു മാപ്പുനല്‍കണമെന്ന നിലപാടിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അബ്‌ദുള്‍ ഫത്താഹ് മഹ്‌ദി മാപ്പുനല്‍കില്ലെന്നു വ്യക്‌തമാക്കിയത്. പല തരത്തിലുമുള്ള മധ്യസ്‌ഥശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും മഹ്‌ദി വിവരിച്ചു.
‘ഞങ്ങള്‍ ശിക്ഷ നടപ്പാക്കല്‍ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാന്‍ പ്രേരിപ്പിക്കില്ല, സമ്മര്‍ദം ഞങ്ങളെ ഇളക്കില്ല, പണം രക്‌തത്തിനു പകരമാകില്ല. സത്യം മറക്കപ്പെടുന്നില്ല, എത്ര ദൈര്‍ഘ്യമെടുത്താലും, ഒരുതരത്തിലുമുള്ള സമ്മര്‍ദത്തിനും വഴങ്ങില്ല. ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും.’- അബ്‌ദുള്‍ ഫത്താഹ് മഹ്‌ദി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വര്‍ഷങ്ങളായി മധ്യസ്‌ഥശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ അതിനു വഴങ്ങില്ലെന്ന് ഇപ്പോള്‍ ശിക്ഷ നടപ്പാക്കല്‍ നിര്‍ത്തിവച്ചവര്‍ക്ക് അറിയാമെന്നും മഹ്‌ദി പറഞ്ഞു.
അതേ സമയം, സഹോദരനെ അടക്കം അനുനയിപ്പിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. ഇനി ഒരറിയിപ്പ് ഉണ്ടാകുംവരെ വധ ശിക്ഷ നിര്‍ത്തി വച്ചിരിക്കുന്നു എന്നാണു വിധിപകര്‍പ്പിലുള്ളത്. എന്നാല്‍ കേസ് ഇനി എന്നു പരിഗണിക്കുമെന്ന് ഉത്തരവില്‍ ഇല്ല. തലാലിന്റെ കുടുംബത്തിലെ അഭിപ്രായവ്യത്യാസം തീരുംവരെ വധശിക്ഷ നടപ്പാക്കാന്‍ നിയമതടസവുമുണ്ട്. കുടുംബവുമായി ദയാധനത്തില്‍ ചര്‍ച്ച നടക്കുന്നെന്നും ഇതില്‍ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുതെന്നുമായിരുന്നു ഹര്‍ജി. ഇതംഗീകരിച്ചാണ് യെമനിലെ കോടതി വധശിക്ഷ നടപ്പിലാക്കുന്നതു നീട്ടിയത്. നിമിഷ പ്രിയയുടെ കാര്യത്തില്‍ തുടര്‍ന്നും ഇടപെടല്‍ നടത്തുമെന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ അറിയിച്ചു.




