Spotlight

‘ടോയ്‌ലറ്റ് പ്രോബ്ലം’; ആദ്യ ബഹിരാകാശ ‘പ്ലംബറായി’ ക്രിസ്‌റ്റീന!

വാഷിങ്‌ടണ്‍: ബഹിരാകാശത്തെ ആദ്യ ‘പ്ലംബറായി’ നാസയുടെ ക്രിസ്‌റ്റീന കോച്ച്‌. രണ്ട്‌ തവണയാണ്‌ ക്രിസ്‌റ്റീന ആര്‍ട്ടിമിസ്‌ 2 ബഹിരാകാശ പേടകത്തിലെ ടോയ്‌ലറ്റിന്റെ അറ്റകുറ്റപ്പണി നടത്തിയത്‌. യാത്ര തുടങ്ങി ഏറെ വൈകാതെ ഓറിയോണ്‍ പേടകത്തിലെ ടോയ്‌ലറ്റ്‌ തകരാറിലായി. നന്നാക്കാനുള്ള ചുമതല ലഭിച്ചത്‌ ക്രിസ്‌റ്റീനയ്‌ക്കും. ഉടന്‍ തന്നെ ഉപകരണങ്ങളെടുത്ത്‌ അവര്‍ ജോലി തുടങ്ങി. ദൗത്യം വിജയമായി. അതോടെ ‘ബഹിരാകാശ പ്ലംബര്‍’ എന്ന്‌ വിശേഷണം അവര്‍ക്ക്‌ ലഭിച്ചു.

മറ്റ്‌ യാത്രികര്‍ക്ക്‌ ആശ്വാസമായി. ആ ആശ്വാസം അധികനാള്‍ നീണ്ടുനിന്നില്ല.
പിന്നീടുള്ള ആഴ്‌ചയില്‍, ഓറിയോണ്‍ പേടകത്തിലെ ടോയ്‌ലറ്റ്‌ മൂന്നു തവണകൂടി കേടായി. ഓരോ തകരാറും എങ്ങനെയാണു ദീര്‍ഘദൂര ബഹിരാകാശ യാത്രകളില്‍ മനുഷ്യ വിസര്‍ജ്യം കൈകാര്യം ചെയ്യുന്നത്‌ എന്നതിലെ ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തി. പേടകത്തില്‍ ഉപയോഗിച്ചത്‌ യൂണിവേഴ്‌സല്‍ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം (യു.ഡബ്ല്യു.എം.എസ്‌) ആണ്‌.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്‌ ഒടുവിലാണ്‌ കോളിന്‍സ്‌ എയ്‌റോസ്‌പേസ്‌ അത്‌ നിര്‍മിച്ചത്‌. ചെലവ്‌ കോടികളാണ്‌. എന്നിട്ടും പ്രശ്‌നങ്ങള്‍ ബാക്കിയായി. ഭൂമിയിലെ എല്ലാ ടോയ്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നത്‌ ഗുരുത്വാകര്‍ഷണത്തിന്റെ സഹായത്തോടെയാണ്‌. ശരീര മാലിന്യം താഴേയ്‌ക്ക്‌ പതിക്കും.

ഗുരുത്വാകര്‍ഷണം ഇല്ലാതാകുമ്പോള്‍, മാലിന്യം ഒഴുകി നടക്കും. അത്‌ കാറ്റില്‍ എങ്ങോട്ടാണോ പോകുന്നത്‌ അങ്ങോട്ട്‌ നീങ്ങും. ആര്‍ട്ടിമിസ്‌ 2 ടോയ്‌ലറ്റില്‍ ഇത്‌ പരിഹരിക്കുന്നത്‌ ഫാന്‍ ഉപയോഗിച്ചുള്ള വാക്വം സംവിധാനത്തിലൂടെതാണ്‌. അതു മാലിന്യത്തെ ശരീരത്തില്‍നിന്ന്‌ അകറ്റാനും വേര്‍തിരിക്കാനും സഹായിക്കുന്നു.
മൂത്രം രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ സംസ്‌കരിച്ച്‌ പേടകത്തിന്‌ പുറത്തുള്ള ഒരു പൈപ്പ്‌ വഴി ബഹിരാകാശത്തേക്ക്‌ പുറത്തുവിടുന്നു. ഖര മാലിന്യം കണ്ടെയ്‌നറുകളിലാക്കി ഭൂമിയിലേക്ക്‌ തിരികെ കൊണ്ടുവരുന്നു.

ഈ സംവിധാനം ശബ്‌ദമലിനീകരണത്തിനും കാരണമാകും. അതിനാല്‍ ടോയ്‌ലറ്റ്‌ ഉപയോഗിക്കുമ്പോള്‍ യാത്രികര്‍ ചെവികളടയ്‌ക്കും.
വിക്ഷേപണത്തിന്‌ തൊട്ടുപിന്നാലെ, ടോയ്‌ലറ്റ്‌ ഫാന്‍ തടസപ്പെട്ടതായി നാസ സ്‌ഥിരീകരിച്ചു. എങ്കിലും, യാത്രികര്‍ക്ക്‌ ഖര മാലിന്യങ്ങള്‍ക്കായി ടോയ്‌ലറ്റ്‌ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ, മൂത്രത്തിനായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ പമ്പ്‌ വേണ്ടത്ര വെള്ളം ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. കോച്ച്‌ സംവിധാനത്തിന്റെ ഭാഗങ്ങള്‍ വേര്‍പെടുത്തി,

ഹ്യൂസ്‌റ്റണിലുള്ള മിഷന്‍ കണ്‍ട്രോളില്‍നിന്ന്‌ റേഡിയോ വഴി ലഭിച്ച നിര്‍ദേശങ്ങള്‍ പാലിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ അത്‌ വീണ്ടും പ്രവര്‍ത്തിപ്പിച്ചു.മൂന്നാം ദിവസം, ഭൂമിയില്‍നിന്ന്‌ ഏകദേശം 3,20,000 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍, ടോയ്‌ലറ്റ്‌ വീണ്ടും കേടായി. വെന്റ്‌ ലൈനിനുള്ളില്‍ മൂത്രം കെട്ടിക്കിടന്നതാണു പ്രശ്‌നമായത്‌. താപനില കുറഞ്ഞതോടെ മൂത്രം ഖരരൂപത്തിലായതായിരുന്നു പ്രശ്‌നം. പേടകം മുഴുവനായും തിരിച്ച്‌ സൂര്യന്‌ അഭിമുഖമാക്കി.

സൂര്യപ്രകാശമേറ്റ്‌ മൂത്രം വീണ്ടും ദ്രാവക രൂപത്തിലായി പ്രശ്‌നം പരിഹരിക്കപ്പെട്ടു. വീണ്ടും പ്രശ്‌നങ്ങളുണ്ടായി. ഇക്കുറി രാസപ്രവര്‍ത്തനങ്ങളായിരുന്നു കാരണം.
സംവിധാനത്തിനുള്ളിലെ പൈപ്പുകളില്‍ ബാക്‌ടീരിയയും സൂക്ഷ്‌മാണുക്കളും വര്‍ധിക്കുന്നത്‌ തടയാന്‍ രാസവസ്‌തുക്കള്‍ ചേര്‍ത്തിരുന്നു.
അവയും മൂത്രവുമായി ചേര്‍ന്നു രാസപ്രവര്‍ത്തനം നടന്നു. തുടര്‍ന്നു ഖര മാലിന്യങ്ങള്‍ രൂപപ്പെടുകയും അവ ഒരു ഫില്‍ട്ടറില്‍ കുടുങ്ങി വെന്റ്‌ തടയുകയും ചെയ്‌തു. എന്തായാലും പ്രതിസന്ധികള്‍ നാസയ്‌ക്കു പാഠമായി.
ഇനിയുള്ള ദൗത്യങ്ങളില്‍ ഇതേ പ്രശ്‌നം ഉണ്ടാകുന്നത്‌ തടയാന്‍ എന്‍ജിനിയര്‍മാര്‍ക്ക്‌ രാസസംസ്‌കരണം മാറ്റുകയോ ഫില്‍ട്ടര്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയോ ചെയ്യേണ്ടി വരും.
അടഞ്ഞ ബഹിരാകാശ പേടകത്തില്‍ ഇത്തരം മാലിന്യങ്ങള്‍ അപകടകരമായേക്കാം. അതിനാല്‍ രാസവസ്‌തുക്കള്‍ ആവശ്യമാണ്‌. എന്നാല്‍ ഈ രാസവസ്‌തുക്കള്‍ തന്നെയാണ്‌ തടസം സൃഷ്‌ടിക്കുന്നതെങ്കില്‍, എന്‍ജിനിയര്‍മാര്‍ക്ക്‌ രൂപകല്‍പന മാറ്റേണ്ടിവരും. ബഹിരാകാശത്തെ പ്ലംബിങ്‌ എപ്പോഴും ഒരു പ്രശ്‌നമായിരുന്നു. 1960കളിലും 70കളിലുമുണ്ടായ അപ്പോളോ ദൗത്യങ്ങളില്‍ ടോയ്‌ലറ്റുകള്‍ ഉണ്ടായിരുന്നില്ല. യാത്രികര്‍ ശരീരത്തില്‍ ഒട്ടിച്ചുവയ്‌ക്കാവുന്ന ബാഗുകള്‍ ഉപയോഗിച്ചു .