ഡൽഹിയിലെ മംഗോൾപുരിയിൽ അമ്മാവന് വഴങ്ങിക്കൊടുക്കാൻ വിസമ്മതിച്ച 35-കാരിയായ കാമുകിയെ യുവാവ് കൊലപ്പെടുത്തി മൃതദേഹം ബെഡ്‌ബോക്സിനുള്ളിലാക്കി. സംഭവത്തിൽ 22 വയസുകാരനായ യുവാവിനെയും ഇയാളുടെ അമ്മാവനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തൻ്റെ അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് യുവാവ് യുവതിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി ഇതിന് തയ്യാറാകാത്തതിനെത്തുടർന്ന് വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സുഹൃത്തിൻ്റെ താമസസ്ഥലത്തേക്ക് അമ്മാവനെയും സുഹൃത്തിനെയും എത്തിച്ച ശേഷം യുവാവ് കാമുകിയെ അവിടെ കൂട്ടിക്കൊണ്ടുവന്നു. അമ്മാവനും സുഹൃത്തും പുറത്തെ മുറിയിൽ ഇരിക്കുന്ന സമയത്ത് യുവാവ് യുവതിയോട് വീണ്ടും ആവശ്യം ആവർത്തിച്ചു. യുവതി എതിർത്തതോടെ ചുവരിനോട് ചേർത്തുനിർത്തി മർദിക്കുകയും പിന്നീട് കമ്പിളി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ബെഡ്‌ബോക്സിനുള്ളിൽ ഒളിപ്പിച്ചു. യുവാവിനെ അവിടെ നിന്നും രക്ഷപെടാൻ അമ്മാവനും സുഹൃത്തും സഹായിക്കുകയും ചെയ്തു.
വൈകുന്നേരം വീട്ടുടമസ്ഥൻ മടങ്ങിയെത്തിയപ്പോഴാണ് ബെഡ്‌ബോക്സിനുള്ളിൽ നിന്നും യുവതിയുടെ കാൽ പുറത്തേക്ക് കണ്ടത്. തുടർന്ന് പെട്ടി തുറന്നു നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയും ഉടൻ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹത്തിൻ്റെ നെറ്റിയിലടക്കമുള്ള മുറിവുകൾ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മംഗോൾപുരി സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയായ ഇവർ വീട്ടുജോലി ചെയ്താണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. മംഗോൾപുരിയിൽ ചിക്കൻ കട നടത്തുന്ന പ്രതിയുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ മൂന്ന് പ്രതികളെയും പിടികൂടിയ പൊലീസ് സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.




