Celebrity

രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തിൽ രാഷ്ട്രീയമിടപ്പെടും: മീനാക്ഷി

കേരളം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ വോട്ട് ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രീയ ബോധത്തെക്കുറിച്ചും നടി മീനാക്ഷി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജനാധിപത്യത്തിൻ്റെ ഈ വലിയ പ്രക്രിയയിൽ എല്ലാവരും പങ്കുചേരണമെന്നും ‘ഞാൻ ഒരാൾ വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും’ എന്ന് ചിന്തിക്കരുതെന്നും മീനാക്ഷി ഓർമ്മിപ്പിക്കുന്നു. ഒരു ആധുനിക പൗരൻ്റെ ഏറ്റവും വലിയ കടമയാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്.

രാഷ്ട്രീയം എന്നത് വെറുതെ കൊടി പിടിക്കലോ മുദ്രാവാക്യം വിളിക്കലോ മാത്രമല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നിത്യേന ഇടപെടുന്ന ഒന്നാണെന്നും താരം പറയുന്നു. തനിക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്നവരിൽ പോലും അവരുടെ അഭിപ്രായങ്ങളിലും ഇടപെടലുകളിലും ഒരു രാഷ്ട്രീയമുണ്ടാകും. ഏതെങ്കിലും പാർട്ടിയുടെ ഭാഗമായി നിന്ന് അടിപിടി കൂടുന്നതല്ല രാഷ്ട്രീയം, മറിച്ച് പൊതുവായ കാര്യങ്ങളിൽ വ്യക്തമായ അഭിപ്രായം പറയുന്നതിലും രാഷ്ട്രീയമുണ്ട്.

ജോലി ചെയ്താൽ മാത്രമേ എനിക്ക് ഗുണമുള്ളൂ എന്ന് പറയുന്ന ചിലരെ നമ്മൾ വാർത്തകളിൽ കാണാറുണ്ട്. എന്നാൽ അവർക്ക് ജോലി ചെയ്യാനുള്ള സാഹചര്യവും കൂലിയും ഒക്കെ തീരുമാനിക്കപ്പെടുന്നത് രാഷ്ട്രീയ തീരുമാനങ്ങളിലൂടെയാണെന്ന് പലരും തിരിച്ചറിയുന്നില്ല. നമ്മൾ രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയം നമ്മുടെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കും എന്നതാണ് വാസ്തവം.

ഇക്കാര്യം വ്യക്തമാക്കാൻ മരടിലെ ഫ്ലാറ്റ് പൊളിച്ച സംഭവം മീനാക്ഷി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയവുമായി നേരിട്ട് ബന്ധമില്ലാത്തവരും സമരങ്ങളിൽ പങ്കെടുക്കാത്തവരുമായിരുന്നു അവിടുത്തെ താമസക്കാരിൽ അധികവും. എന്നാൽ സ്വന്തം വീട് നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോൾ അവർക്ക് ഒരു പക്ഷമായി നിന്ന് സമരം ചെയ്യേണ്ടി വന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല.

അതേസമയം രാഷ്ട്രീയം ഒരിക്കലും മറുപക്ഷത്തുള്ളവരെ ശത്രുക്കളായി കണ്ട് ആക്രമിക്കാനുള്ളതാകരുത്. സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്താനോ മോശം ഭാഷ ഉപയോഗിക്കാനോ രാഷ്ട്രീയത്തെ ഉപയോഗിക്കരുത്. എൻ്റെ ശരികൾ പോലെ തന്നെ മറ്റുള്ളവർക്കും അവരുടേതായ ശരികൾ ഉണ്ടെന്ന് തിരിച്ചറിയുന്നതാണ് പൗരബോധം. കൂടുതൽ ശരിയായ നിലപാടുകളെ പിന്തുണയ്ക്കുക എന്നതാണ് പ്രധാനം.

നിങ്ങളുടേതല്ലാത്ത നിലപാടുകളെ ജനാധിപത്യപരമായ രീതിയിൽ വിമർശിക്കാനും എതിർക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഓരോ പൗരനും തങ്ങളുമായി യോജിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യുക എന്നത് അവരുടെ സാമൂഹിക പ്രതിബദ്ധതയാണ്. ഈ ജനാധിപത്യ പ്രക്രിയയിൽ നമ്മൾ ഓരോരുത്തരും പങ്കാളികളാവുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് പറഞ്ഞാണ് മീനാക്ഷി തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.