Featured Health

ദേഷ്യം വന്ന് നിയന്ത്രണം വിടുന്നുണ്ടോ? ഹൃദയം അപകടത്തിലാണ്; ശാന്തനാകാൻ ഇതാ ഒരു ’90 സെക്കൻഡ്’ വിദ്യ!

ചെറിയൊരു കാരണത്താൽ തുടങ്ങി, നിയന്ത്രിക്കാൻ കഴിയാത്തവിധം ഉള്ളിൽ ആളിക്കത്തുന്ന ഒരു കൊടുങ്കാറ്റായി ദേഷ്യം മാറാറുണ്ട്. ദേഷ്യം വരുമ്പോൾ അമിതമായ വൈകാരിക പ്രകടനങ്ങൾ, നെഞ്ചിടിപ്പ് കൂടുക, കൈകൾ ചുരുട്ടിപ്പിടിക്കുക, പേശികൾ വരളുക, രക്തം തിളയ്ക്കുന്നത് പോലുള്ള അനുഭവം എന്നിവ ഉണ്ടാകാം. ആ ചൂടുപിടിച്ച നിമിഷത്തിൽ വികാരങ്ങൾ അത്രമേൽ ശക്തമാകുന്നതുകൊണ്ട്, കാര്യങ്ങൾ വ്യക്തമായി ചിന്തിക്കാനോ ശാന്തമായി പ്രതികരിക്കാനോ നമുക്ക് സാധിക്കാറില്ല.

ദേഷ്യം ഒരു സാധാരണ വികാരമാണെങ്കിലും, ഇത് നമ്മുടെ ശരീരത്തെ, പ്രത്യേകിച്ച് ഹൃദയത്തെ ബാധിക്കുമോ? നെഞ്ചിടിപ്പ് കൂടുമ്പോൾ നമ്മുടെ ഹൃദയത്തിന് എന്തെങ്കിലും സംഭവിക്കുമോ? ദേഷ്യം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അത് എങ്ങനെ നിയന്ത്രിക്കാമെന്നും ഒരു ഹൃദ്രോഗ വിദഗ്ദ്ധനിൽ നിന്ന് തന്നെ മനസ്സിലാക്കാം. ദില്ലി ധർംശില നാരായണ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറക്ടറും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. പ്രദീപ് കുമാർ നായക് ദേഷ്യം നിയന്ത്രിക്കാനുള്ള ’90 സെക്കൻഡ് നിയമത്തെ’ക്കുറിച്ച് വ്യക്തമാക്കുന്നു.

ദേഷ്യം തോന്നുന്നത് മനുഷ്യന്റെ സ്വാഭാവികമായ ഒരു വികാരമാണ്. സങ്കടം തോന്നുമ്പോഴോ, ആരെങ്കിലും അനാദരവ് കാണിക്കുമ്പോഴോ, അവഗണിക്കുമ്പോഴോ ഒക്കെ ആളുകൾക്ക് ദേഷ്യം വരാം. എന്നാൽ അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. ദേഷ്യം എന്നത് കേവലം മനസ്സിന്റെ മാത്രം പ്രശ്നമല്ല, അതൊരു ശാരീരിക പ്രതികരണം കൂടിയാണ്. ദേഷ്യം വരുമ്പോൾ ശരീരത്തിൽ അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ പെട്ടെന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീരത്തെ കടുത്ത സമ്മർദ്ദത്തിലേക്ക് (സ്ട്രെസ്സ്) നയിക്കുന്നു.

പ്രത്യേകിച്ച് അടിക്കടി ദേഷ്യപ്പെടുകയോ ദേഷ്യം നിയന്ത്രണാതീതമാകുകയോ ചെയ്യുമ്പോൾ അത് ഹൃദയത്തെ സാരമായി ബാധിക്കുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ദേഷ്യം വരുമ്പോൾ ശരീരത്തിലുണ്ടാകുന്ന പെട്ടെന്നുള്ള അഡ്രിനാലിൻ പ്രവാഹം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഉടനടി വർദ്ധിപ്പിക്കുന്നു. രക്തക്കുഴലുകൾ ചുരുങ്ങുകയും ഹൃദയത്തിന് കൂടുതൽ ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്നു. നേരത്തെ തന്നെ ഹൃദ്രോഗമുള്ളവരിലോ അതിനുള്ള സാധ്യത കൂടുതലുള്ളവരിലോ കടുത്ത ദേഷ്യം പെട്ടെന്നൊരു ഹൃദയാഘാതത്തിനോ (ഹാർട്ട് അറ്റാക്ക്) ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾക്കോ കാരണമായേക്കാം. സ്ഥിരമായി ദേഷ്യപ്പെടുന്നവരിലും ഇത് വിട്ടുമാറാത്ത ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും (ഹൈപ്പർടെൻഷൻ) രക്തക്കുഴലുകളുടെ തകരാറുകളിലേക്കും നയിക്കാം.

ദേഷ്യം ഉള്ളിൽ അടക്കി വെയ്ക്കാതെ ഒച്ചവെച്ചും സാധനങ്ങൾ തല്ലിപ്പൊട്ടിച്ചും പുറത്തുതീർക്കുന്നത് നല്ലതാണെന്ന് പലരും വിചാരിക്കാറുണ്ട്. എന്നാൽ ഇത് തെറ്റായ രീതിയാണെന്നും കൂടുതൽ ദോഷം ചെയ്യുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ആക്രമണോത്സുകമായി പ്രതികരിക്കുന്നത് ദേഷ്യം കുറയ്ക്കില്ല, മറിച്ച് ഭാവിയിലും ഈ സ്വഭാവം ആവർത്തിക്കാൻ മാത്രമേ അത് ഇടയാക്കൂ. അതിനാൽ ദേഷ്യം ഉള്ളിൽ അമർത്തിവെയ്ക്കുകയല്ല, മറിച്ച് ആരോഗ്യകരമായ രീതിയിൽ അതിനെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്.

ഇതിനായി ഡോ. നായക് നിർദ്ദേശിക്കുന്നതാണ് 90 സെക്കൻഡ് നിയമം. ദേഷ്യം വരുമ്പോൾ പെട്ടെന്ന് പ്രതികരിക്കുന്നതിന് മുൻപ് 90 സെക്കൻഡ് നേരത്തേക്ക് മാറി നിൽക്കുകയും പതുക്കെ ആഴത്തിൽ ശ്വാസമെടുക്കുകയും ചെയ്യുക. ആ സാഹചര്യത്തിൽ നിന്ന് താല്കാലികമായി മാറി നടക്കുന്നത് സമ്മർദ്ദ ഹോർമോണുകൾ കുറയ്ക്കാൻ സഹായിക്കും. ദേഷ്യം വരുമ്പോൾ അതിനോട് പെട്ടെന്ന് പ്രതികരിക്കാതെ, തനിക്ക് ഇപ്പോൾ ദേഷ്യമാണ് വരുന്നത് എന്ന് മനസ്സിൽ ഉറപ്പിക്കുക. ഇത് ദേഷ്യത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും.

കൂടാതെ ദേഷ്യത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുക. പലപ്പോഴും മാനസിക സമ്മർദ്ദം, നിരാശ, ഭയം അല്ലെങ്കിൽ വിഷമം എന്നിവ മറയ്ക്കാനാണ് മനുഷ്യർ ദേഷ്യപ്പെടുന്നത്. ഇതുകൂടാതെ, ശരീരം തളർന്നിരിക്കുമ്പോഴും സമ്മർദ്ദത്തിലായിരിക്കുമ്പോഴും ദേഷ്യം കൂടാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഉറക്കം, വ്യായാമം, സ്ട്രെസ്സ് മാനേജ്മെന്റ് എന്നിവയ്ക്കും മുൻഗണന നൽകണം.

ദേഷ്യം ഒട്ടും നിയന്ത്രിക്കാൻ കഴിയാതെ വരിക, ജോലിയിലോ ബന്ധങ്ങളിലോ പ്രശ്നങ്ങൾ ഉണ്ടാക്കുക, ചീത്ത വിളിക്കുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്യുക, എപ്പോഴും വിഷാദവും ഉത്കണ്ഠയും തോന്നുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), മെഡിറ്റേഷൻ എന്നിവയിലൂടെ ദേഷ്യം വരാനുള്ള കാരണങ്ങൾ കണ്ടെത്തി അതിനെ നല്ല രീതിയിൽ നിയന്ത്രിക്കാൻ സാധിക്കും.

ദേഷ്യം വരുമ്പോൾ നമ്മുടെ ആദ്യത്തെ പ്രതികരണം പെട്ടെന്ന് ചൂടാകുക എന്നതായിരിക്കരുത്, മറിച്ച് സ്വയം നിയന്ത്രിക്കുക എന്നതായിരിക്കണം. വെറും 90 സെക്കൻഡ് നേരത്തേക്ക് നമ്മൾ സ്വയം നിയന്ത്രിച്ചാൽ പിന്നീട് ഖേദിക്കേണ്ടി വരുന്ന വാക്കുകൾ പറയുന്നതിൽ നിന്നും തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും നമുക്ക് രക്ഷപ്പെടാം. ഇത് ഹൃദയത്തിന് അനാവശ്യമായ സമ്മർദ്ദം നൽകുന്നത് ഒഴുവാക്കുകയും ചെയ്യും. ദേഷ്യം വരുമ്പോൾ അല്പനേരം മിണ്ടാതിരിക്കുകയോ അവിടെ നിന്ന് മാറി നടക്കുകയോ ചെയ്യുന്നത് തന്നെയാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *