Featured Lifestyle

കളി കാണാം, കണ്ണും കാക്കാം; ഫിഫ ലോകകപ്പ് രാവുകളിൽ കണ്ണുകൾ തളരാതിരിക്കാൻ 7 ടിപ്പുകൾ

2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിൽ ഫുട്ബോൾ പ്രേമികൾ അർദ്ധരാത്രിയിലും ഉറക്കമിളച്ചിരുന്ന് തത്സമയ മത്സരങ്ങൾ കാണുകയും സ്കോറുകൾ പരിശോധിക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റുകൾ നോക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത് തികച്ചും ആവേശം നൽകുന്നതാണെങ്കിലും, അമിതമായി സ്‌ക്രീനുകളിലേക്ക് നോക്കുന്നത് നിങ്ങളുടെ കണ്ണുകളെയും ഉറക്കചക്രത്തെയും ദോഷകരമായി ബാധിച്ചേക്കാം.

എഎസ്ജി ഐ ഹോസ്പിറ്റലിലെ ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ആൻഡ് ക്ലിനിക്കൽ ഓഫീസറായ ഡോ. ഹിമാൻഷു ശേഖറിന്റെ അഭിപ്രായത്തിൽ, വൈകിയിരുന്ന് മത്സരങ്ങൾ കാണുമ്പോൾ സ്ക്രീനിൽ നിന്നുള്ള വെളിച്ചം അമിതമായി അടിക്കുന്നത് കണ്ണിന് ആയാസമുണ്ടാക്കും. ഫുട്ബോൾ മത്സരങ്ങൾ കാണുമ്പോൾ ആരാധകർ സാധാരണയേക്കാൾ വളരെ കുറച്ചുമാത്രമേ കണ്ണുകൾ ചിമ്മാറുള്ളൂ. ഇങ്ങനെ കണ്ണ് ചിമ്മുന്നത് കുറയുമ്പോൾ കണ്ണുകൾ വരണ്ടുപോകാനും, കരിച്ചിൽ അനുഭവപ്പെടാനും, കാഴ്ച മങ്ങാനും കാരണമാകും. കൂടാതെ കണ്ണിന് ക്ഷീണം, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഇതുണ്ടാക്കാം. ഫോണിലായാലും വലിയ ടിവി സ്ക്രീനിലായാലും, അതിവേഗം ചലിക്കുന്ന ദൃശ്യങ്ങളിലേക്ക് കണ്ണുകൾ ദീർഘനേരം ഒരേപടി നോക്കിയിരിക്കുകയാണ് ചെയ്യുന്നത്. ഒരു രാത്രിയിൽ തന്നെ ഒന്നിലധികം മത്സരങ്ങൾ കാണുന്നത് കണ്ണിന്റെ ക്ഷീണം ഇരട്ടിയാക്കും.

മത്സരങ്ങൾക്ക് ശേഷവും ഹൈലൈറ്റുകളും സോഷ്യൽ മീഡിയയും മാറിമാറി നോക്കുന്നത് വഴി മൊബൈലുകളിൽ നിന്നും ലാപ്ടോപ്പുകളിൽ നിന്നുമുള്ള ‘ബ്ലൂ ലൈറ്റ്’ (നീല വെളിച്ചം) കൺമുന്നിൽ എത്തുന്ന സമയം കൂടുന്നു. ഇത് ശരീരത്തിൽ മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കുകയും ഉറക്കം വരാൻ വൈകിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം തകർക്കാനും കാരണമാകും. പിറ്റേദിവസം കടുത്ത ക്ഷീണമുണ്ടാകാനും ഇത് ഇടയാക്കും. വിദ്യാർത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും പഠനത്തെയും ജോലിയെയും ശ്രദ്ധയെയും ഇത് ബാധിച്ചേക്കാം. പുസ്തകം വായിക്കുന്നതിനേക്കാൾ കൂടുതൽ കണ്ണിന്റെ അധ്വാനം ഡിജിറ്റൽ സ്ക്രീനുകൾ നോക്കുമ്പോൾ ആവശ്യമാണ്. കാരണം സ്ക്രീനിലെ വെളിച്ച വ്യത്യാസങ്ങളോടും ചലനങ്ങളോടും കണ്ണുകൾക്ക് നിരന്തരം പൊരുത്തപ്പെടേണ്ടി വരുന്നു.

ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കുന്നതിനൊപ്പം കണ്ണിന്റെ ആയാസം കുറയ്ക്കാൻ ഡോ. ഹിമാൻഷു ശേഖർ ചില എളുപ്പവഴികൾ നിർദ്ദേശിക്കുന്നു: ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 സെക്കൻഡ് നേരത്തേക്ക് 20 അടി അകലെയുള്ള ഏതെങ്കിലും വസ്തുവിലേക്ക് നോക്കുക (20-20-20 നിയമം). കണ്ണുകളിലെ ഈർപ്പം നിലനിർത്താൻ ഇടയ്ക്കിടെ കണ്ണ് ചിമ്മുക. സ്ക്രീനിൽ നിന്നും കൃത്യമായ അകലം പാലിക്കുക. മുറിയിൽ ആവശ്യത്തിന് വെളിച്ചമുള്ളപ്പോൾ മാത്രം കളി കാണുക. ദിവസം മുഴുവൻ നന്നായി വെള്ളം കുടിക്കുക. ഡിജിറ്റൽ ഉപകരണങ്ങളിൽ ‘ബ്ലൂ ലൈറ്റ് ഫിൽട്ടർ’ ഓൺ ചെയ്യുക. മത്സരത്തിന്റെ ഇടവേളകളിൽ (ഹാഫ് ടൈം) സ്ക്രീനിൽ നിന്ന് മാറി കണ്ണിന് അല്പം വിശ്രമം നൽകുക.

കൂടുതൽ സമയം സ്ക്രീനിലേക്ക് നോക്കുമ്പോൾ കണ്ണിന് ക്ഷീണം തോന്നുന്നത് സ്വാഭാവികമാണെങ്കിലും ചില ലക്ഷണങ്ങൾ അവഗണിക്കരുത്. കണ്ണിന് വിശ്രമം നൽകിയിട്ടും വിട്ടുമാറാത്ത തലവേദന, കാഴ്ച മങ്ങൽ, കണ്ണ് വരണ്ടുപോകൽ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കണ്ണിലെ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഒരു നേത്രരോഗ വിദഗ്ദ്ധനെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *