Lifestyle

ഡോക്ടര്‍ ദമ്പതികളും അവരുടെ 3 പിഞ്ചു കുട്ടികളും ; വിമാനത്തിലെ സെല്‍ഫി അവസാനത്തെ പുഞ്ചിരിയായി

ഉദയ്പൂരിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറായ കോമി വ്യാസ് ജോലി ഉപേക്ഷിച്ച് ഭര്‍ത്താവ് ഡോ പ്രതീക് ജോഷിയുടെ മൂന്ന് കുട്ടികളുമായി ലണ്ടനില്‍ ചേരാന്‍ പോവുകയായിരുന്നു. ഈ സന്തോഷത്തിലായിരുന്നു വിമാനത്തിലിരുന്ന് അവര്‍ സെല്‍ഫി വീഡിയോ എടുത്തതും. ഇവരുടെ സെല്‍ഫി വിമാനത്തിലുണ്ടായിരുന്ന 242 പേര്‍ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലായി.

അപകടത്തില്‍ തകര്‍ന്നുപോയ ഫോണില്‍ ഇവര്‍ എടുത്ത സെല്‍ഫി എന്നന്നേക്കും നിലനില്‍ക്കും. സെല്‍ഫി പകര്‍ത്തിയ ഫോണ്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ എവിടെയോ ഉണ്ട്. രാജസ്ഥാനില്‍ നിന്നുള്ള കുടുംബത്തിന്റെ ഫോണ്‍ ഇനി ഒരിക്കലും കണ്ടെത്താനായില്ലെങ്കില്‍പോലും അത് ഉപയോഗിച്ച് എടുത്ത ആ സെല്‍ഫി നിലനില്‍ക്കും.

ദുരന്തം വേട്ടയാടിയ ഡോ. ജോഷി എടുത്ത സെല്‍ഫിയില്‍ അദ്ദേഹവും ഭാര്യയും ഒരു വശത്ത് ഇരിക്കുന്നതും പുഞ്ചിരിക്കുന്നതും അവരുടെ ഇളയ ഇരട്ട ആണ്‍കുട്ടികളും മൂത്ത മകളും ഇടനാഴിക്ക് കുറുകെ ഇരിക്കുന്നതും കാണാം. ആണ്‍കുട്ടികള്‍ ക്യാമറയ്ക്ക് വേണ്ടി പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നു.

ജോഷി കുറച്ചുകാലം മുമ്പ് ലണ്ടനിലേക്ക് താമസം മാറിയിരുന്നു, കുടുംബത്തെ തന്നോടൊപ്പം കൊണ്ടുപോകാന്‍ ഈ ആഴ്ച ആദ്യം രാജസ്ഥാനിലെ ബന്‍സ്വാരയിലേക്ക് എത്തിയതാണ്. ദമ്പതികളുടെ ഇരട്ട ആണ്‍കുട്ടികള്‍ – നകുലും പ്രദ്യുതും – അഞ്ച് വയസ്സും അവരുടെ മകള്‍ മിരായയ്ക്ക് എട്ട് വയസ്സുമാണ്. ഡോ. പ്രതീകിന്റെ പിതാവ് നഗരത്തിലെ പ്രശസ്ത റേഡിയോളജിസ്റ്റാണ്. കോമിയുടെ പിതാവ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനുമാണ്. പത്ത് വര്‍ഷം മുമ്പാണ് കോമിയും ഡോ. പ്രതീക് ജോഷിയും വിവാഹിതരായത്.

ഉദയ്പൂരിലെ പസഫിക് ഹോസ്പിറ്റലിലെ ഡോക്ടറായ കോമി ലണ്ടനില്‍ ഭര്‍ത്താവിന്റെ അരികിലേക്ക് മാറുന്നതിനായി അടുത്തിടെ ജോലി ഉപേക്ഷിച്ചിരുന്നു. ”അടുത്തിടെയാണ് വീടു വെച്ചത്. അതിനാല്‍ കുടുംബത്തിന് ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞു. സന്തോഷകരമായ മുഖങ്ങള്‍, ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളാല്‍ പ്രകാശിച്ചു.” കോമിയുടെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ ഒരു ഭാഗം ഇങ്ങിനെയായിരുന്നു.