Featured Good News

ശമ്പളം കൂടാതെ മാസം നേടുന്നത് 63 ലക്ഷം, ശ്രദ്ധനേടി അദിതിയുടെ ‘ലണ്ടൻ ഫോർമുല’ ; വൈറല്‍ വീഡിയോ

ഫുൾടൈം കോർപറേറ്റ് ജോലിയുടെ ശമ്പളം കൂടാതെ 63 ലക്ഷം രൂപയുടെ അധിക വരുമാനം നേടുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതി അദിതി മിശ്ര . ലണ്ടനിലെ ഒരു ഫിൻടെക് സ്റ്റാർട്ടപ്പിൽ ആഴ്ചയിൽ 60 മണിക്കൂറിലേറെ ജോലി ചെയ്യുന്ന താൻ, ഒരു കണ്ടന്റ് ക്രിയേറ്റർ കൂടിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ വ്യക്തമാക്കിയത്. ശമ്പളത്തിന് പുറമെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കുന്ന മറ്റ് വരുമാന സ്രോതസ്സുകൾ ഏതൊക്കെയാണെന്ന് ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അദിതി വിശദീകരിക്കുന്നു.

ലണ്ടൻ കമ്പനിയിൽ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോലി ചെയ്യുന്ന അദിതി പ്രധാനമായും കണ്ടന്റ് ക്രിയേഷനിലൂടെയാണ് ഈ അധിക വരുമാനം കണ്ടെത്തുന്നത്. ലേഡി ശ്രീറാം കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ഇവർക്ക് ഇൻസ്റ്റഗ്രാമിൽ 2.2 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. അഫിലിയേറ്റ് മാർക്കറ്റിങ് വഴി നിലവിൽ 1,512 രൂപ (12 പൗണ്ട്) മാത്രമാണ് ലഭിക്കുന്നതെങ്കിലും, ഇതിലൂടെ വലിയ തുക സമ്പാദിക്കുന്ന നിരവധി പേരെ അറിയാമെന്നും അതുകൊണ്ട് തന്നെ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണെന്നും ഇവർ പറയുന്നു.

മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് ബിരുദമുള്ള അദിതി, തന്റെ സുഹൃത്തുക്കളുടെ സ്റ്റാർട്ടപ്പുകൾക്ക് കൺസൾട്ടിങ് നൽകി 5,000 പൗണ്ട് (ഏകദേശം 6.3 ലക്ഷം രൂപ) സമ്പാദിച്ചിട്ടുണ്ട്. കൂടാതെ നാൽപതിനായിരത്തിലധികം വായനക്കാരുള്ള പെയ്ഡ് ന്യൂസ്‌ലെറ്ററുകൾ വഴി 490 പൗണ്ടും ഇവർക്ക് ലഭിക്കുന്നു. പബ്ലിക് സ്പീക്കിങ്, വർക്ക്‌ഷോപ്പുകൾ എന്നിവയാണ് നാലാമത്തെ വരുമാന മാർഗം. സൗജന്യമായും പണം ഈടാക്കിയും നടത്തുന്ന ഇത്തരം പരിപാടികളിലൂടെ 9,500 പൗണ്ട് സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

ബ്രാൻഡുകൾക്ക് വേണ്ടി ഉള്ളടക്കം നിർമ്മിച്ചു നൽകുന്ന യുജിസി (UGC) കണ്ടന്റ് ക്രിയേഷനിലൂടെ 10,000 പൗണ്ടാണ് ഇവർ നേടുന്നത്. ഈ രീതിയിൽ നമ്മൾ നിർമ്മിക്കുന്ന കണ്ടന്റ് ബ്രാൻഡുകൾ അവരുടെ പേജിലാണ് പോസ്റ്റ് ചെയ്യുക. എന്നാൽ ഇതിനേക്കാളുമെല്ലാം വലിയ തുക ലഭിക്കുന്നത് നേരിട്ടുള്ള ബ്രാൻഡ് ഡീലുകളിൽ നിന്നാണെന്ന് അദിതി പറയുന്നു. വിശ്വസിക്കാൻ പ്രയാസമുള്ള 25,102 പൗണ്ടാണ് ഇത്തരത്തിൽ ബ്രാൻഡ് ഡീലുകൾ വഴി മാത്രം അദിതിയുടെ അക്കൗണ്ടിലെത്തിയത്.

വിവിധ സൈഡ് ബിസിനസ്സുകളിൽ നിന്നായി ആകെ 50,102 പൗണ്ടാണ് (ഏകദേശം 63 ലക്ഷം രൂപ) അദിതി സമ്പാദിച്ചത്. താൻ യുകെയിൽ വർക്കിങ് വിസയിലാണ് കഴിയുന്നതെങ്കിലും ഈ അധിക വരുമാന മാർഗ്ഗങ്ങൾ അവിടുത്തെ നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് ഇവർ വ്യക്തമാക്കുന്നു. സ്കിൽഡ് വർക്കർ വിസയിലുള്ളവർക്ക് പ്രധാന ജോലിയോടൊപ്പം ആഴ്ചയിൽ 20 മണിക്കൂർ വരെ മറ്റ് ജോലികൾ ചെയ്യാനോ ബിസിനസ്സ് നടത്താനോ യുകെയിൽ അനുവാദമുണ്ട്. തന്റെ അധിക ജോലികൾ ആഴ്ചയിൽ 20 മണിക്കൂറിൽ കൂടാതെ സൂക്ഷിക്കാറുണ്ടെന്നും അദിതി പറയുന്നു.

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട അദിതിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രശംസകളുമായി എത്തിയത്. ഈ തുക ഒരു വർഷത്തെ സമ്പാദ്യമാണോ അതോ ഒരു മാസത്തേതാണോ എന്ന് ഒരാൾ കമന്റിലൂടെ ചോദിച്ചപ്പോൾ, ഇത് വെറും ഒരു മാസം കൊണ്ട് താൻ ഉണ്ടാക്കിയ വരുമാനമാണെന്നായിരുന്നു അദിതി മിശ്ര നൽകിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *