മലയാളികളുടെ പ്രിയങ്കരിയായ രജിഷ വിജയൻ തന്റെ ജീവിതശൈലിയെക്കുറിച്ചും സോഷ്യൽ മീഡിയയോടുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. കഴിഞ്ഞ എട്ടു വർഷമായി താൻ വാട്സാപ്പ് ഉപയോഗിക്കാറില്ലെന്നും, ഡിജിറ്റൽ ലോകത്തെ ബന്ധങ്ങളേക്കാൾ നേരിട്ടുള്ള ആശയവിനിമയത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും താരം വെളിപ്പെടുത്തി.
ഫെയ്സ്ബുക്ക് പൂർണ്ണമായും ഒഴിവാക്കിയ രജിഷ, നിലവിൽ ഇൻസ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്. അതും വളരെ അപൂർവ്വമായി മാത്രം. റീൽസിന്റെ ആഗമനത്തോടെ ആളുകൾ ഫോണിന് മുന്നിൽ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്നും, ഇത് വായനയെയും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളെയും ബാധിക്കുന്ന ഒരു വലിയ അഡിക്ഷനാണെന്നും രജിഷ നിരീക്ഷിക്കുന്നു. തന്റെ ചിന്തകളെ ഫോൺ സ്വാധീനിക്കാതിരിക്കാൻ പല ആപ്പുകളും താൻ നീക്കം ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.
ഭാവിയെക്കുറിച്ച് വലിയ പദ്ധതികൾ തയാറാക്കാതെ, നിലവിലുള്ള നിമിഷത്തിൽ സന്തോഷം കണ്ടെത്താനാണ് രജിഷ ഇഷ്ടപ്പെടുന്നത്. പത്തു വർഷത്തിന് ശേഷം താൻ എവിടെയായിരിക്കും എന്നതിനെക്കുറിച്ച് താരം വേവലാതിപ്പെടുന്നില്ല. പണ്ട് ആർമിയിൽ ഡോക്ടറാവണമെന്നായിരുന്നു ആഗ്രഹമെങ്കിലും അപ്രതീക്ഷിതമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. ആഗ്രഹിച്ച ചെറിയ കാര്യങ്ങളെല്ലാം ജീവിതത്തിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും രജിഷ പറയുന്നു.
അഭിനയരംഗത്ത് പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. കൃഷാന്ദ് സംവിധാനം ചെയ്ത ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’ എന്ന ചിത്രത്തിലൂടെ വേറിട്ടൊരു ഗെറ്റപ്പിലാണ് രജിഷ എത്തുന്നത്. ചിത്രത്തിലെ ‘കോമള താമര’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രജിഷയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസാണിതെന്ന പ്രത്യേകതയുമുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ നൃത്തത്തിന് ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണയായി വളരെ ഗൗരവമുള്ളതോ അല്ലെങ്കിൽ ബോൾഡ് ആയതോ ആയ വേഷങ്ങൾ ചെയ്യുന്ന രജിഷ, ഇത്രയും ഗ്ലാമറസ് ആയ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത് ആരാധകർക്ക് വലിയൊരു സർപ്രൈസ് ആയിരുന്നു.




