പ്രമുഖ ബോളിവുഡ് നടി സീനത്ത് അമൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും തുറന്നുപറഞ്ഞത് ശ്രദ്ധ നേടുകയാണ്. ആദ്യമായിട്ടാണ് തനിക്കൊരു ഹിന്ദു പേരുണ്ടെന്ന കാര്യം താരം വെളിപ്പെടുത്തുന്നത്. ഒപ്പം താൻ എന്തുകൊണ്ടാണ് ഒരു പ്രത്യേക മതത്തിലും വിശ്വസിക്കാത്തത് എന്നതിന്റെ കാരണവും താരം വ്യക്തമാക്കി.
തന്റെ അച്ഛന്റെ ഭാഗത്തുനിന്നുള്ള പേര് സീനത്ത് അമൻ എന്നാണെങ്കിലും അമ്മയുടെ ഭാഗത്തുനിന്നുള്ള പേര് ‘ലളിതേശ്വരി’ എന്നാണെന്ന് ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തി. തന്റെ അമ്മ ഹിന്ദുവായിരുന്നു, അച്ഛൻ മുസ്ലിമും. കുട്ടികളുടെ അച്ഛനും മുസ്ലിം ആണ്. കൂടാതെ താൻ പഠിച്ചത് ഒരു കാത്തലിക് സ്കൂളിലാണ്, തന്റെ വളർത്തച്ഛൻ ഒരു ജർമ്മൻകാരനും ആയിരുന്നു. ഇങ്ങനെ വ്യത്യസ്തമായ സംസ്കാരങ്ങളുമായി ഇടപഴകാൻ സാധിച്ചതുകൊണ്ട് തന്നെ ഒരു പ്രത്യേക മതം മാത്രം പിന്തുടരേണ്ട ആവശ്യം തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് സീനത്ത് അമൻ പറഞ്ഞു.
താൻ മതവിശ്വാസിയല്ലെന്ന് വ്യക്തമാക്കിയ നടി, എല്ലാ മതങ്ങളും നല്ലതാണെന്നും ഒരു മതവും തെറ്റായ കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. മനുഷ്യത്വം, ദയ, സമാധാനം, സമത്വം, മനുഷ്യരോടും മൃഗങ്ങളോടുമുള്ള സ്നേഹം എന്നിവയിലാണ് താൻ വിശ്വസിക്കുന്നതെന്നും അത് തന്നെയാണ് തന്റെ മതമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം മുൻപും തന്റെ അമ്മയെക്കുറിച്ച് വികാരനിർഭരമായ കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. സമൂഹത്തിന്റെ കടുത്ത വിമർശനങ്ങളെ നേരിട്ട്, തനിക്കിഷ്ടമുള്ള രീതിയിൽ ജീവിച്ച തന്റെ അമ്മ കാലത്തിനപ്പുറം സഞ്ചരിച്ച സ്ത്രീയായിരുന്നുവെന്ന് സീനത്ത് ഓർക്കുന്നു. കടുത്ത ഹിന്ദു വിശ്വാസിയായിരുന്നിട്ടും അവർ ഒരു മുസ്ലിം വ്യക്തിയെയാണ് വിവാഹം കഴിച്ചത്. ആ ബന്ധം തകർന്നപ്പോൾ ഒരു ജർമ്മൻ പ്രൊട്ടസ്റ്റന്റ്കാരനെ വിവാഹം കഴിച്ചു. അദ്ദേഹം മരിച്ചതിനുശേഷം തന്നെ ഒറ്റയ്ക്ക് വളർത്താനും തന്റെ കരിയർ രൂപപ്പെടുത്താനും അമ്മ കാണിച്ച ധൈര്യം അന്നത്തെ കാലത്ത് വലിയ ചർച്ചയായിരുന്നു.
1970-ൽ ഫെമിന മിസ് ഇന്ത്യ, മിസ് ഏഷ്യ പസഫിക് ഇന്റർനാഷണൽ കിരീടങ്ങൾ നേടിയതോടെയാണ് സീനത്ത് അമൻ ശ്രദ്ധിക്കപ്പെടുന്നത്. അതേ വർഷം തന്നെ അഭിനയരംഗത്തേക്ക് കടന്ന അവർ ‘ഹരേ രാമ ഹരേ കൃഷ്ണ’ എന്ന ചിത്രത്തിലൂടെയാണ് ജനപ്രീതി നേടിയത്. യാദോം കി ബാരാത്, റോട്ടി കപ്ഡാ ഔർ മക്കാൻ, ധരം വീർ, ഡോൺ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ‘ദി റോയൽസ്’ എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലാണ് അവർ ഒടുവിലായി പ്രത്യക്ഷപ്പെട്ടത്.




