Featured Fitness

36 കിലോ കുറഞ്ഞത് മാന്ത്രിക വിദ്യയല്ല; വൈറൽ ഇൻഫ്ലുവൻസറുടെ ‘സിംപിൾ’ വെയ്റ്റ് ലോസ് രഹസ്യങ്ങൾ

ശരിയായ ഉപദേശങ്ങൾ ലഭിക്കാത്തതിനാൽ പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതും മടുപ്പിക്കുന്നതുമായ ഒന്നായി മാറാറുണ്ട്. എന്നാൽ ലളിതമായ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇൻഫ്ലുവൻസറായ റിദ്ധി അഗർവാൾ. തന്റെ ജീവിതശൈലിയിൽ വരുത്തിയ അഞ്ച് ലളിതമായ മാറ്റങ്ങളിലൂടെ 36 കിലോ ഭാരമാണ് റിദ്ധി കുറച്ചത്. ഇതിനായി താൻ പിന്തുടർന്ന കാര്യങ്ങൾ അവർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

ദിവസവും 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. സാധിക്കുമെങ്കിൽ ഇത് പുറത്തുപോയി തന്നെ ചെയ്യാൻ ശ്രദ്ധിക്കണം. രണ്ടാമതായി, ദിവസം മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് അനാവശ്യ വിശപ്പ് കുറയ്ക്കാനും ശരീരത്തിന് ഉന്മേഷം നൽകാനും സഹായിക്കും. മൂന്നാമത്തെ കാര്യം ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക എന്നതാണ്. പേശികളുടെ ബലത്തിനും വയർ നിറഞ്ഞതായി തോന്നാനും പ്രോട്ടീൻ സഹായിക്കും. ദിവസം 100 ഗ്രാം പ്രോട്ടീൻ എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ റിദ്ധി ശ്രദ്ധിച്ചിരുന്നു.

നാലാമതായി, പ്രഭാതങ്ങൾ സമാധാനപരമായി തുടങ്ങുക എന്നതാണ്. ഉണർന്ന് ആദ്യത്തെ 30 മിനിറ്റ് ഫോൺ ഉപയോഗിക്കാതെ വ്യായാമത്തിനോ പ്രാർത്ഥനയ്ക്കോ ചിന്തകൾക്കോ വേണ്ടി മാറ്റിവെക്കാം. അഞ്ചാമത്തെ കാര്യം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ്. ദഹനത്തിനും വിശപ്പ് നിയന്ത്രിക്കാനും ദിവസവും മൂന്ന് തരം പച്ചക്കറികളെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

തന്റെ ഈ മാറ്റം വെറും സൗന്ദര്യത്തിന് വേണ്ടിയല്ല, മറിച്ച് ആരോഗ്യത്തിനും സമാധാനത്തിനും വേണ്ടിയുള്ളതായിരുന്നുവെന്ന് റിദ്ധി പറയുന്നു. എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യാനും ആഹാരത്തിൽ അച്ചടക്കം പാലിക്കാനും മനസ്സിനെ പാകപ്പെടുത്തിയതാണ് ഈ വിജയത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. ഓരോ ദിവസവും ലളിതമായ കാര്യങ്ങൾ മുടങ്ങാതെ ചെയ്യുന്നതാണ് വലിയ മാറ്റങ്ങൾക്കുള്ള വഴിയെന്ന് റിദ്ധി ഓർമ്മിപ്പിക്കുന്നു.