ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മേന്ദ്ര രാജ്ഭർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ എന്ന റിയാലിറ്റി ഷോയിലാണ് വെറും 30 സെക്കൻഡിനുള്ളിൽ 110 വാൾനട്ടുകൾ (അക്രൂട്ട്) തകർത്ത് ധർമ്മേന്ദ്ര ലോകറെക്കോർഡ് കുറിച്ചത്. ജപ്പാൻ സ്വദേശിയായ ചെറി യോഷിതാകെയുടെ റെക്കോർഡാണ് ഇദ്ദേഹം മറികടന്നത്.
ഈ നേട്ടത്തേക്കാൾ ഉപരിയായി ധർമ്മേന്ദ്ര ഇത് ചെയ്ത രീതിയാണ് ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്. നിരയായി വെച്ചിരിക്കുന്ന വാൾനട്ടുകൾക്ക് മുകളിൽ ഇരുന്നാണ് അദ്ദേഹം അവ തകർത്തത്. ഈ വിചിത്രവും എന്നാൽ വേഗതയേറിയതുമായ രീതി കണ്ട് ജഡ്ജിമാരും കാണികളും ഒരുപോലെ അമ്പരന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ വീഡിയോ വലിയൊരു ട്രോൾ ഉത്സവത്തിന് വഴിതെളിച്ചു കഴിഞ്ഞു.
“ഇവിടെ വായകൊണ്ട് നിലക്കടല പോലും പൊട്ടിക്കാൻ കഴിയുന്നില്ല, അപ്പോഴാണ് ഇങ്ങനെയൊരു പ്രകടനം” എന്ന അർത്ഥം വരുന്ന പഴയൊരു കോമഡി ഡയലോഗ് ചേർത്താണ് പലരും വീഡിയോ പങ്കുവെക്കുന്നത്. ഇത്തരത്തിൽ വാൾനട്ട് പൊട്ടിക്കുമ്പോൾ സംഭവിക്കാവുന്ന അപകടസാധ്യതകളെ തമാശരൂപേണ അവതരിപ്പിക്കുകയാണ് നെറ്റിസൺസ്.
ശാരീരിക കരുത്ത് തെളിയിക്കുന്ന പ്രകടനങ്ങളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയനാണ് ധർമ്മേന്ദ്ര. കഴിഞ്ഞ വർഷം നാല് മിനിറ്റിനുള്ളിൽ 401 തേങ്ങകൾ ഉടച്ച് അദ്ദേഹം റെക്കോർഡ് ഇട്ടിരുന്നു. കണ്ണ് കെട്ടി വെറുംകൈ കൊണ്ട് തേങ്ങ ഉടയ്ക്കുന്ന വീഡിയോകൾ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ കാണാം. ഉത്തർപ്രദേശിൽ വലിയൊരു ആരാധകവൃന്ദമുള്ള ധർമ്മേന്ദ്രയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ചര ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.




