Oddly News

കലാണവിരുന്നില്‍ മദ്യം വാങ്ങാൻ പണം നൽകിയില്ല; നവദമ്പതികൾക്കും കുടുംബത്തിനും ക്രൂരമർദ്ദനം, പണവും ആഭരണങ്ങളും കവർന്നു

മധ്യപ്രദേശിലെ ഗ്വാളിയോറിൽ വിവാഹാഘോഷങ്ങൾക്കിടെ അയൽവാസികൾക്ക് മദ്യം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് നവദമ്പതികൾക്കും കുടുംബാംഗങ്ങൾക്കും ക്രൂരമർദ്ദനം. ഗ്വാളിയോർ റൂറൽ പരിധിയിലെ പതായ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

മാർച്ച് 30-നായിരുന്നു മഹേഷ് ജാതവ് എന്ന യുവാവിന്റെ വിവാഹം. വിവാഹശേഷം വധുവിനൊപ്പം വീട്ടിലെത്തിയ മഹേഷിന്റെ കുടുംബം അതിഥികൾക്കായി വിരുന്ന് നൽകുന്നതിനിടെയാണ് അയൽവാസികളായ മനോജ് ജാതവ്, ഹർനാം, ഭീം, നവൽ കിഷോർ എന്നിവർ പണം ആവശ്യപ്പെട്ട് അവിടെയെത്തിയത്.

പുതിയ വധു എത്തിയതിന്റെ സന്തോഷത്തിൽ തങ്ങൾക്ക് മദ്യം വാങ്ങാൻ പണം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ മഹേഷിന്റെ കുടുംബം ഇതിന് വിസമ്മതിച്ചതോടെ പ്രതികൾ ചീത്തവിളിക്കാനും വീട്ടുകാരെ ആക്രമിക്കാനും തുടങ്ങി. തടയാൻ ശ്രമിച്ച വരന്റെ അമ്മ ശീലാ ജാതവിനെയും മറ്റ് ബന്ധുക്കളെയും വധുവിനെയും ഇവർ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന പണവും വീട്ടുസാധനങ്ങളും പ്രതികൾ കവർന്നതായും പരാതിയുണ്ട്.

ആക്രമണം തടയാൻ വിവാഹത്തിനെത്തിയ അതിഥികൾ കൂടി ഇടപെട്ടതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ വലിയ സംഘർഷമായി ഇത് മാറി. സംഭവത്തിന് പിന്നാലെ വരന്റെ അമ്മയും കുടുംബാംഗങ്ങളും എസ്.പി ഓഫീസിലെത്തി പരാതി നൽകുകയും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മദ്യം വാങ്ങാൻ പണം നൽകാത്തതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവിഭാഗങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.