Crime

‘അവന് എന്നെ വേണ്ടെന്ന്, പക്ഷേ അവനില്ലാതെ എനിക്ക് ജീവിക്കാനാവില്ല’; വിവാഹനിശ്ചയത്തിനു മുന്‍പ് പ്രതിശ്രുതവധു ജീവനൊടുക്കി

കോഴിക്കോട് താമരശ്ശേരിയിൽ 22 വയസ്സുകാരി നന്ദന പ്രദീപ് ജീവനൊടുക്കാൻ കാരണം പ്രതിശ്രുത വരന്റെ വഞ്ചനയാണെന്ന് ബന്ധുക്കളുടെ ആരോപണം. പെട്ടെന്ന് ഒരു ദിവസം യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നന്ദനയുടെ ബന്ധുക്കൾ.

കഴിഞ്ഞ ജൂൺ എട്ടിനാണ് താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയായിരുന്നു ഈ ദുരന്തം. തന്റെ വീടുപണി നടക്കുകയാണെന്നും വിദേശത്തുള്ള അച്ഛൻ നാട്ടിൽ വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നുമാണ് യുവാവ് നന്ദനയുടെ അച്ഛനോട് പറഞ്ഞിരുന്നത്. എന്നാൽ ഇതിനിടയിലും നന്ദനയുമായി യുവാവ് സ്ഥിരമായി സംസാരിക്കുകയും അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു.

വിവാഹാലോചന മുന്നോട്ട് പോകുന്നതിനിടെ നന്ദനയുടെ ജോലി പോലും യുവാവ് കാരണം നഷ്ടമായതായി അച്ഛൻ പറയുന്നു. നന്ദന എല്ലാ ദിവസവും രാത്രി തന്നെ വിളിച്ച് സങ്കടപ്പെടുമായിരുന്നുവെന്ന് സഹോദരി വാണി ഭദ്രയും വ്യക്തമാക്കി. യുവാവ് തന്നെ ഒഴിവാക്കിയെന്നും ഇനി എന്തുചെയ്യുമെന്നും ചോദിച്ചായിരുന്നു നന്ദനയുടെ കരച്ചിൽ. സാരമില്ല, അവൻ പോകുന്നെങ്കിൽ പോകട്ടെ എന്ന് പറഞ്ഞ് താൻ ഒരുപാട് ആശ്വസിപ്പിച്ചെങ്കിലും നന്ദന അത് കേൾക്കാൻ തയ്യാറായില്ലെന്ന് സഹോദരി ഓർക്കുന്നു.

അവനില്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് നന്ദന സഹോദരിയോട് പറഞ്ഞിരുന്നത്. വിവാഹ ഒരുക്കങ്ങൾക്കിടയിലാണ് യുവാവ് നന്ദനയെ ചതിച്ചത്. പെൺകുട്ടിക്ക് വലിയ ദേഷ്യമാണെന്ന കാരണം പറഞ്ഞാണ് യുവാവ് നേരിട്ടെത്തി വിവാഹം വേണ്ടെന്ന് വെച്ചത്. ലുലു മാൾ സന്ദർശനത്തിനിടയിൽ സഹോദരിയുടെ സുഹൃത്ത് വഴിയാണ് നന്ദന ഈ യുവാവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് വീട്ടുകാർ സമ്മതിച്ചതോടെയാണ് വിവാഹം ഉറപ്പിച്ചത്. എന്നാൽ നന്ദനയുടെ മരണശേഷം പ്രതിശ്രുത വരനോ കുടുംബമോ തങ്ങളെ വന്നു കണ്ടിട്ടില്ലെന്നും പെൺകുട്ടിയുടെ വീട്ടുകാർ കുറ്റപ്പെടുത്തുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *