25 ദിവസത്തെ ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് ശേഷം കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫും ഭരണം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, ശക്തമായ സാന്നിധ്യമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
മിക്ക എക്സിറ്റ് പോളുകളും യുഡിഎഫിന് അനുകൂലമായ സൂചനകൾ നൽകുന്നത് കോൺഗ്രസ് ക്യാമ്പിന് വലിയ ആവേശം നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ തവണ എക്സിറ്റ് പോളുകൾ നൽകിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി വിജയിച്ച ചരിത്രമുള്ളതിനാൽ ഇത്തവണയും അത് ആവർത്തിക്കുമെന്ന് സിപിഎം വിശ്വസിക്കുന്നു. ചില സീറ്റുകളിൽ അട്ടിമറി വിജയം ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്.
ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വലിയ വിജയം നിയമസഭയിലും തുടരാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഏകദേശം 80 മുതൽ 85 വരെ സീറ്റുകൾ ലഭിക്കുമെന്നും ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിൽ അത് 95 കടക്കുമെന്നും അവർ കണക്കുകൂട്ടുന്നു. മലപ്പുറം, എറണാകുളം, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗും പ്രതീക്ഷിക്കുന്നു. യുഡിഎഫിന് മൊത്തത്തിൽ 79 മുതൽ 84 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് അവരുടെ കണക്ക്.
അതേസമയം, 75 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്താൻ കഴിയുമെന്ന് സിപിഎം കരുതുന്നു. ഇതിൽ 61 സീറ്റുകൾ ഉറപ്പായും ലഭിക്കുമെന്നും ബാക്കി 14 സീറ്റുകളിൽ മുൻതൂക്കമുണ്ടെന്നുമാണ് പാർട്ടി വിലയിരുത്തൽ. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ഭരണം നിലനിർത്താനാകുമെന്ന് സിപിഐയും കരുതുന്നു. തൃശൂർ, തിരുവനന്തപുരം, കൊല്ലം, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ വോട്ടർമാർ ഇടതുപക്ഷത്തെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് മുന്നണി.
നേമം, പാലക്കാട്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷ വെക്കുന്ന ബിജെപി, പലയിടത്തും പ്രധാന മുന്നണികളെ മൂന്നാം സ്ഥാനത്തേക്ക് തള്ളാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഈ വോട്ട് വർദ്ധനവ് യുഡിഎഫിനെയാണോ എൽഡിഎഫിനെയാണോ കൂടുതൽ ബാധിക്കുക എന്നത് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
ഇടതുപക്ഷത്തിന് ദേശീയതലത്തിൽ തങ്ങളുടെ പ്രസക്തി നിലനിർത്താൻ കേരളത്തിലെ വിജയം അത്യന്താപേക്ഷിതമാണ്. മറുവശത്ത്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് സാധിച്ചില്ലെങ്കിൽ യുഡിഎഫ് സംവിധാനം തന്നെ വലിയ പ്രതിസന്ധിയിലായേക്കാം. അതുകൊണ്ട് തന്നെ ഇരു മുന്നണികൾക്കും നാളത്തെ ഫലം അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്.




