Spotlight

വീട്ടിലെ പാചകം പൊള്ളും! ഗാർഹിക എൽപിജി വിലയിൽ വീണ്ടും 29 രൂപ വർധന, മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണ

ന്യൂഡൽഹി∙ വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക പാചകവാതക വിലയിൽ വീണ്ടും വർദ്ധന . സിലിണ്ടറിന് 29 രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. ഈ പുതിയ വിലവർദ്ധനവ് ഇന്ന് മുതൽ തന്നെ പ്രാബല്യത്തിൽ വരും.

പുതുക്കിയ നിരക്ക് അനുസരിച്ച് ഡൽഹിയിൽ 14.2 കിലോ തൂക്കമുള്ള പാചകവാതക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു. നേരത്തെ മാർച്ചിലും സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങൾ ഇന്ധന വിതരണത്തെ മോശമായി ബാധിച്ചതാണ് ഇപ്പോഴത്തെ ഈ വിലക്കയറ്റത്തിന് കാരണം. പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ വലിയ സാമ്പത്തിക നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

പുതിയ വില ഈടാക്കുന്നതിന് മുൻപ് വരെ ഒരു സിലിണ്ടർ വിൽക്കുമ്പോൾ കമ്പനികൾക്ക് 703 രൂപയുടെ നഷ്ടം ഉണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ, ജൂൺ മാസത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിലയിലും 42 രൂപയുടെ വർദ്ധനവ് വരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *