പ്രാദേശികമായി നടന്ന ഒരു ഉത്സവച്ചന്തയിൽ നിന്നും താൻ വാങ്ങിയ ബെഡ്ഷീറ്റിൽ “മെയ്ഡ് ഇൻ പാകിസ്താൻ” (Made in Pakistan) എന്ന ലേബൽ കണ്ടെത്തിയെന്ന യുവതിയുടെ വെളിപ്പെടുത്തലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. പുനെ സ്വദേശിയായ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയെത്തുടർന്ന് പിംപ്രി-ചിഞ്ച്‌വാഡ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ നിലനിൽക്കെ, ഈ ഉൽപ്പന്നം എങ്ങനെ വിപണിയിലെത്തി എന്ന് അധികൃതർ ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഈ സംഭവം ഇന്റർനെറ്റിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
പൂജ സറഫ് എന്ന സ്ത്രീയാണ് സങ്കഷ്ടി ചതുർത്ഥിയോട് അനുബന്ധിച്ച് പിംപ്രി-ചിഞ്ച്‌വാഡിലെ മൊറായ ഗോസാവി ക്ഷേത്രത്തിന് സമീപം നടന്ന ചന്തയിൽ നിന്ന് ഈ ബെഡ്ഷീറ്റ് വാങ്ങിയത്. തുണി അലക്കാൻ എടുത്തപ്പോഴാണ് ഈ ലേബൽ തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മറാത്തി ഭാഷയിൽ ചിത്രീകരിച്ച വീഡിയോയിൽ ഇവർ വ്യക്തമാക്കുന്നുണ്ട്. എല്ലാ മാസവും സങ്കഷ്ടി ചതുർത്ഥി സമയത്ത് ഇവിടെ ചെറിയൊരു ചന്ത ഉണ്ടാകാറുണ്ടെന്നും, അവിടെ കച്ചവടക്കാർ വിൽക്കാൻ വെച്ചിരുന്ന സാധനങ്ങളുടെ കൂട്ടത്തിൽ നിന്നാണ് താൻ രണ്ട് മൂന്ന് സാധനങ്ങളും ഒപ്പം ഈ ബെഡ്ഷീറ്റും വാങ്ങിയതെന്നും ഇവർ പറയുന്നു. ബെഡ്ഷീറ്റിലെ ടാഗ് കാണിച്ചുകൊണ്ട്, നമ്മൾ അതിർത്തിയിലൊന്നുമല്ല ജീവിക്കുന്നതെന്നും എന്നിട്ടും നമ്മുടെ വീട്ടിൽ ‘മെയ്ഡ് ഇൻ പാകിസ്താൻ’ സാധനങ്ങൾ എത്തുകയാണെന്നും ഇവർ വീഡിയോയിൽ പറയുന്നു.
ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഈ വൈറൽ വീഡിയോ ശ്രദ്ധയിൽപ്പെട്ട പിംപ്രി-ചിഞ്ച്‌വാഡ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനായി ഒരു പ്രത്യേക സംഘത്തെയും നിയോഗിച്ചു. കൂടാതെ ചന്തയിൽ കച്ചവടം നടത്തിയവരെക്കുറിച്ച് അന്വേഷിക്കാനും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉചിതമായ നടപടിയെടുക്കാനും പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നേപ്പോലെ ഒട്ടനവധി ആളുകൾ അറിയാതെ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ടാകാം എന്ന ആശങ്കയും ഈ സ്ത്രീ പങ്കുവെക്കുന്നുണ്ട്. ഈ സംഭവത്തിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും, സാധനങ്ങൾ വാങ്ങുമ്പോൾ എല്ലാവരും കണ്ണുതുറന്ന് ശ്രദ്ധിക്കണമെന്നും, തന്റെ കണ്ണുകൾ ഇപ്പോൾ തുറന്നുവെന്നും ഇവർ ഉപഭോക്താക്കളെ ഓർമ്മിപ്പിക്കുന്നു.




