തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് ബയോയിൽ മാറ്റം വരുത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ‘മുഖ്യമന്ത്രി’ എന്നതിന് പകരം ‘പോളിറ്റ് ബ്യൂറോ മെമ്പർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)’ എന്നാണ് അദ്ദേഹം പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലെ ഫോട്ടോ മാറ്റി അവിടെ സർക്കാരിന്റെ ഔദ്യോഗിക മുദ്ര നൽകുകയും ചെയ്തിട്ടുണ്ട്.
ഭരണത്തുടർച്ചയുണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഇടതുമുന്നണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എന്നാൽ, ഇടതുപക്ഷത്തിന്റെ ഈ അവകാശവാദങ്ങൾ വോട്ടെണ്ണൽ തുടങ്ങുന്നത് വരെ മാത്രമേ നിലനിൽക്കൂ എന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. ഇത്തവണ യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും കണ്ണൂരിൽ മാത്രം ആറ് സീറ്റുകൾ വരെ പിടിച്ചെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളും വിജയപ്രതീക്ഷ പുലർത്തുന്നതോടെ ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ് കൂടുതൽ ആവേശകരമായിരിക്കുകയാണ്.




