ഇൻഡോറിൽ നിന്നുള്ള അത്ഭുതകരമായ ഒരു രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങിയിട്ടും നിമിഷങ്ങൾക്കുള്ളിൽ കുട്ടി എഴുന്നേറ്റു നടന്നത് എല്ലാവരെയും അമ്പരപ്പിച്ചു. ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിന് പിന്നിലുള്ള ശാന്തി നികേതൻ കോളനിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈ സംഭവം നടന്നത്.
റോഡിൽ രണ്ട് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അമിതവേഗതയിൽ വന്ന കാർ ഒരു കുട്ടിയുടെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. കാറിന്റെ ചക്രം കുട്ടിയുടെ കാലിൽ തട്ടിയതോടെ കുട്ടി നിലത്തു വീഴുകയും തുടർന്ന് വണ്ടി കുട്ടിയുടെ ശരീരത്തിലൂടെ കടന്നുപോവുകയുമായിരുന്നു. എന്നാൽ ഭാഗ്യമെന്നു പറയട്ടെ, കാറിന്റെ ടയർ കുട്ടിയുടെ കാലിലൂടെ മാത്രമാണ് കയറിയത്. അപകടത്തിന് തൊട്ടുപിന്നാലെ കുട്ടി സ്വയം എഴുന്നേൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
അപകടം നടന്ന ഉടനെ തന്നെ കാർ ഉടമ സഞ്ജയ് അഗർവാൾ കുട്ടിയെ ബോംബെ ഹോസ്പിറ്റലിൽ എത്തിച്ചു. പരിശോധനയിൽ കുട്ടിയുടെ കാലിന് ഒടിവ് സംഭവിച്ചതായി കണ്ടെത്തി. വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നിടത്ത് നിന്ന് കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ കാർ ഉടമ തന്നെ തന്റെ ഡ്രൈവറെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ബുധനാഴ്ചയോടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.




