ജ്യൂസ് ക്ലീൻസുകൾ മുതൽ കഠിനമായ ഉപവാസം വരെ, ശരീരഭാരം കുറയ്ക്കാനുള്ള ട്രെൻഡുകൾക്ക് ഒരിക്കലും കുറവില്ല. ഓരോ മാസവും സോഷ്യൽ മീഡിയ പുതിയ എന്തെങ്കിലും അവതരിപ്പിക്കുന്നു. ചിലത് പെട്ടെന്നുള്ള കൊഴുപ്പ് കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോൾ, മറ്റുള്ളവ ഉപാപചയ പ്രവർത്തനങ്ങളെ പുനഃക്രമീകരിക്കുമെന്ന് അവകാശപ്പെടുന്നു. എന്നാൽ വേഗത്തിൽ വണ്ണം കുറയ്ക്കാനുള്ള ഈ ഓട്ടത്തിൽ പലപ്പോഴും യുക്തിക്ക് സ്ഥാനമില്ലാതാകുന്നു.
ഇപ്പോൾ ചൈനയിലെ യുവാക്കൾക്കിടയിൽ വിചിത്രമായ ഒരു പുതിയ രീതി പ്രചരിക്കുന്നു—ഇതിനെ ‘പ്ലാസ്റ്റിക് ഈറ്റിംഗ്’ ട്രെൻഡ് എന്ന് വിളിക്കുന്നു. ടിക് ടോക്കിലും എക്സിലും (X) ഇതിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്താണ് പ്ലാസ്റ്റിക് ഈറ്റിംഗ് ട്രെൻഡ്?
ക്ലിംഗ് റാപ്പ് ഉപയോഗിച്ച് പല്ലുകൾക്കും ഭക്ഷണത്തിനും ഇടയിൽ ഒരു പ്ലാസ്റ്റിക് പാളി വെച്ച് ഭക്ഷണം ചവയ്ക്കുന്ന രീതിയാണിത്. ഭക്ഷണത്തിന്റെ രുചിയും ഘടനയും മസ്തിഷ്കത്തിന് അനുഭവപ്പെടുമെങ്കിലും ഭക്ഷണം ഉള്ളിലേക്ക് പോകാതെ തുപ്പിക്കളയുന്നു. കലോറി ഉള്ളിലെത്താതെ വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കാൻ ഇത് സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. എന്നാൽ ഇത് ശ്വാസംമുട്ടലിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശാരീരികമായ ദോഷഫലങ്ങൾ
- ദഹനവ്യവസ്ഥയിലെ തകരാറുകൾ: മൈക്രോപ്ലാസ്റ്റിക്കുകൾ ഉള്ളിൽ ചെല്ലുന്നത് ആമാശയത്തിലും കുടലിലും വീക്കമുണ്ടാക്കും. ഇത് വയറുവേദന, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും.
- ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ: പ്ലാസ്റ്റിക് തരികൾ ശ്വസിക്കുന്നത് ശ്വാസതടസ്സം, ചുമ, തലകറക്കം എന്നിവയുണ്ടാക്കാം.
- ഹോർമോൺ വ്യതിയാനം: പ്ലാസ്റ്റിക്കിലെ ബിസ്ഫെനോൾ എ (BPA) പോലുള്ള രാസവസ്തുക്കൾ വന്ധ്യതയ്ക്കും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു.
- വിട്ടുമാറാത്ത വീക്കം: കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്നു.
- പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു: മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കുകൾ പ്രതിരോധ വ്യൂഹത്തെ താറുമാറാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മാനസികമായ ദോഷഫലങ്ങൾ
- ഭക്ഷണത്തോടുള്ള അനാരോഗ്യകരമായ സമീപനം: ചവച്ചശേഷം തുപ്പിക്കളയുന്നത് ഭക്ഷണക്രമത്തിലെ തകരാറുകൾക്ക് വഴിവെക്കും.
- ശരീരത്തെക്കുറിച്ചുള്ള ആശങ്ക: മെലിഞ്ഞിരിക്കാനുള്ള സോഷ്യൽ മീഡിയ സമ്മർദ്ദം യുവാക്കളിൽ ഉത്കണ്ഠയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കുന്നു.
- ഭക്ഷണത്തെക്കുറിച്ചുള്ള അമിതചിന്ത: കലോറിയെക്കുറിച്ചും വണ്ണത്തെക്കുറിച്ചുമുള്ള ചിന്തകൾ ദൈനംദിന ജീവിതത്തെയും പഠനത്തെയും ബാധിക്കുന്നു.
- സ്വഭാവ വ്യതിയാനം: ശരിയായ പോഷകാഹാരം ലഭിക്കാത്തത് പെട്ടെന്നുള്ള ദേഷ്യത്തിനും തളർച്ചയ്ക്കും കാരണമാകും.
- ഗുരുതരമായ ഈറ്റിംഗ് ഡിസോർഡർ: ഇത് ബുളിമിയ പോലുള്ള ഗുരുതരമായ മാനസിക-ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.
എന്തുകൊണ്ട് ഇത്തരം കുറുക്കുവഴികൾ പരാജയപ്പെടുന്നു? ഈ രീതി വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ വിശപ്പിന്റെ ഹോർമോണുകൾ വർദ്ധിക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഈ ട്രെൻഡ് ഇപ്പോൾ വൈറലാണെങ്കിലും ഇത് ഒട്ടും സുരക്ഷിതമല്ല. ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് മുമ്പ് അവയുടെ അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.




