പഠിക്കാൻ പുസ്തകം മുന്നിൽ വെച്ചാൽ ഉറക്കം വരുന്നത് കുട്ടികളുടെ മാത്രം പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. പുസ്തകം കണ്ടാൽ ഉറക്കം വരുന്ന ആ ‘മാന്ത്രികശക്തി’ മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ബാധകമാണെന്ന് ഈ ദൃശ്യങ്ങൾ ചിരിയോടെ ഓർമ്മിപ്പിക്കുന്നു. മുന്നിൽ ഒരു പുസ്തകം തുറന്നു വെച്ചതിന് പിന്നാലെ ഉറക്കം തൂങ്ങുന്ന ഒരു പശുക്കിടാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ക്യൂട്ട് ആയ ഈ പശുക്കുട്ടി ഉറക്കം നിയന്ത്രിക്കാൻ പാടുപെടുന്നതും, തല ഇരുവശങ്ങളിലേക്കും ചരിഞ്ഞു വീഴുന്നതും വീഡിയോയിലുണ്ട്. ‘നമാമി ഭാരതം’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിൽ വഴിയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 36,000-ത്തിലധികം ആളുകൾ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു. “പുസ്തകങ്ങളിലേക്ക് നോക്കിയാൽ അവർ സുഖമായി ഉറങ്ങിക്കൊള്ളും” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. “പുസ്തകം നോക്കുമ്പോൾ നമ്മളും ഇങ്ങനെ തന്നെയാണ്,” എന്നാണ് ഒരാൾ കുറിച്ചത്. ഏത് വർഗ്ഗത്തിലായാലും കുട്ടികളെ പഠിക്കാൻ നിർബന്ധിച്ചാൽ ഉറക്കം വരുമെന്നും പശുക്കൾ ഭൂമിയിലെ ഏറ്റവും സുന്ദരമായ ജീവികളാണെന്നും മറ്റുള്ളവർ അഭിപ്രായപ്പെട്ടു. എന്തായാലും പഠനകാര്യത്തിൽ ഈ പശുക്കുട്ടി അല്പം പുറകിലാണെങ്കിലും സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കുന്നതിൽ താരം മുന്നിലാണ്.




