ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന ജസ്പ്രീത് ബുംറയുടെ പ്രകടനം ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. ടൂർണമെന്റിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും വിക്കറ്റ് നേടാൻ ഇന്ത്യയുടെ ഒന്നാം നമ്പർ പേസർക്ക് സാധിച്ചിട്ടില്ല. വഴങ്ങിയത് 164 റൺസും.
ബുംറ റൺസ് വിട്ടുകൊടുക്കുന്നതിൽ വലിയ പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും, വിക്കറ്റുകൾ ലഭിക്കാത്തത് അദ്ദേഹം തന്നെ നിശ്ചയിച്ചിട്ടുള്ള ഉയർന്ന നിലവാരത്തിന് ചേർന്നതല്ല. ബുംറയുടെ ഈ മോശം ഫോം മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ താരം അങ്ങേയറ്റം രോഷാകുലനായി പ്രതികരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിട്ടുണ്ട്. ഓവറിന് ശേഷം മടങ്ങുമ്പോൾ ദേഷ്യത്തോടെ ആക്രോശിക്കുന്നതും റൺ-അപ്പ് മാർക്കർ വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം.
പിന്നീട് നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലും തിരിച്ചുവരാൻ ബുംറയ്ക്ക് സാധിച്ചില്ല. ആ മത്സരത്തിൽ 41 റൺസാണ് താരം വിട്ടുകൊടുത്തത്. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും റൺസ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന ബുംറയുടെ ഇക്കോണമി റേറ്റ് ഒമ്പതിന് മുകളിലേക്ക് ഉയർന്നു. മുൻകാലങ്ങളിൽ യോർക്കറുകളിലൂടെയും ഓഫ് കട്ടറുകളിലൂടെയും വിക്കറ്റ് കൊയ്തിരുന്ന ബുംറ, ഇത്തവണ കൂടുതൽ സ്ലോ ബോളുകൾ പരീക്ഷിക്കുന്നതാണ് തിരിച്ചടിയാകുന്നത്. ലോകോത്തര ബൗളറുടെ ഈ നിഴൽ മാത്രമായ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ബുംറയുടെ ശാരീരികക്ഷമതയെക്കുറിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ സംശയം പ്രകടിപ്പിച്ചു. ലോകകപ്പിലോ അതിനുമുമ്പോ കണ്ട ആവേശവും ശരീരഭാഷയും ഇപ്പോൾ ബുംറയിൽ കാണുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബുംറ സാധാരണയായി തന്റെ ലെങ്തുകളിൽ പിഴവ് വരുത്താറില്ലെന്നും ഇത്തരത്തിൽ തല്ലുവാങ്ങാറില്ലെന്നും ജാഫർ ചൂണ്ടിക്കാട്ടി. അദ്ദേഹം നൂറ് ശതമാനം ഫിറ്റ് അല്ലാത്തതുകൊണ്ടാകാം പന്തിന് പഴയ വേഗതയും കൃത്യതയും ഇല്ലാത്തതെന്ന് ഇ എസ് പി എൻ ക്രിക് ഇൻഫോയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ നാല് ഓവറിൽ 41 റൺസാണ് ബുംറ വിട്ടുകൊടുത്തത്.
ബുംറ സ്ലോ ബോളുകൾ അമിതമായി ഉപയോഗിക്കുന്നതാണ് വിക്കറ്റ് ലഭിക്കാത്തതിന് കാരണമെന്ന് മുൻ താരം ഇർഫാൻ പഠാൻ വിലയിരുത്തുന്നു. ബുംറയുടെ ശരാശരി വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി കുറഞ്ഞത് ഗൗരവകരമാണ്. സ്ലോ ബോളിന്റെ എണ്ണം കുറച്ച് വേഗതയുള്ള പന്തുകൾ കൂടുതൽ എറിഞ്ഞാൽ മാത്രമേ പഴയ ഫോമിലേക്ക് താരത്തിന് മടങ്ങിയെത്താൻ കഴിയൂ എന്നും പഠാൻ അഭിപ്രായപ്പെട്ടു. ഫാസ്റ്റ് ഡെലിവറികൾ വർധിപ്പിക്കുന്നത് താരത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്നും പഠാൻ കൂട്ടിച്ചേർത്തു.
എന്നാൽ ബുംറ നന്നായി പന്തെറിയുന്നുണ്ടെന്നും പവർപ്ലേ ഓവറുകളിൽ മറ്റ് ബൗളർമാർ എതിരാളികൾക്ക് മേൽ സമ്മർദ്ദം ചെലുത്താത്തതാണ് പ്രശ്നമെന്നുമാണ് മുംബൈ ഹെഡ് കോച്ച് മഹേല ജയവർധനയുടെ അഭിപ്രായം. ബുംറയ്‌ക്കെതിരെ അനാവശ്യ റിസ്ക് എടുക്കാതെ കളിക്കാൻ ബാറ്റർമാർ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐപിഎൽ സീസണിന്റെ തുടക്കത്തിൽ ബുംറയ്ക്ക് ചെറിയ പരിക്കുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അദ്ദേഹം അത് മറികടന്നതായും ജയവർധന വ്യക്തമാക്കി.




