Featured Good News

പേര് പാകിസ്താനി, പാനീയം ഇന്ത്യൻ! 10 രൂപയുടെ ‘ലാഹോരി സീറ’ 800 കോടിയുടെ ബ്രാൻഡായ കഥ

ഇന്ത്യയിലെ ഏതൊരു ചെറിയ കടയിലോ ഡാബയിലോ ചെന്നാലും കൊക്കക്കോള, പെപ്സി തുടങ്ങിയ വിദേശ പാനീയങ്ങൾ നിറച്ച ഫ്രിഡ്ജുകൾ നമുക്ക് കാണാം. കരിമ്പിൻ ജ്യൂസിനേക്കാളും സംഭാരത്തിനേക്കാളും എളുപ്പത്തിൽ ഇത്തരം അമേരിക്കൻ പാനീയങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഈ വിദേശ കുത്തകയെ തകർത്ത് വൻ മുന്നേറ്റം നടത്തുകയാണ് ‘ലാഹോരി സീറ’ എന്ന ഇന്ത്യൻ ബ്രാൻഡ്. വെറുമൊരു പത്ത് രൂപയുടെ പാനീയത്തിൽ നിന്ന് 800 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി ഇത് വളർന്നത് അതിശയിപ്പിക്കുന്ന ഒരു കഥയാണ്.

സൗരഭ് മുഞ്ജൽ, സൗരഭ് ഭൂട്ടാന, നിഖിൽ ദോഡ എന്നീ മൂന്ന് സഹോദരങ്ങൾ ചേർന്ന് 2017-ലാണ് ഈ കമ്പനി സ്ഥാപിച്ചത്. പഞ്ചാബിൽ വളർന്ന ഇവരുടെ കുട്ടിക്കാലത്തെ പ്രധാന ഓർമ്മ തെരുവുകളിൽ നിന്ന് കുടിച്ചിരുന്ന ‘ഗോളി സോഡ’യും ജീരക പാനീയങ്ങളുമായിരുന്നു. ഇന്ത്യൻ വിപണിയിലെ വമ്പൻ ബ്രാൻഡുകൾക്കൊന്നും നൽകാ കഴിയാത്ത ഈ തനത് ഇന്ത്യൻ രുചി (ജീരകം, കരിഞ്ചീരകം, നാരങ്ങാനീര്) ഒരു ബ്രാൻഡ് ആയി അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു. പരീക്ഷണങ്ങൾക്കൊടുവിൽ വീട്ടിലുണ്ടാക്കുന്ന പാനീയങ്ങളുടെ അതേ രുചിയും എന്നാൽ ആവശ്യത്തിന് ഗ്യാസുമുള്ള (fizz) ഒരു പാനീയം അവർ വികസിപ്പിച്ചെടുത്തു.

എന്തുകൊണ്ടാണ് ഇതിന് ‘ലാഹോരി സീറ’ എന്ന പേര് നൽകിയത്? ഇന്ത്യ-പാക് വിഭജനത്തിന് മുൻപ് ലാഹോറും ഇന്ത്യൻ പഞ്ചാബും ഒരേ സംസ്കാരമാണ് പങ്കിട്ടിരുന്നത്. ഈ പഴയകാല ഓർമ്മകളും ‘സീറ’ (ജീരകം) എന്ന വാക്കിന്റെ തനത് ഗന്ധവും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഈ പേര് സഹായിച്ചു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വെറും 10 രൂപയ്ക്കാണ് ഇവർ ഒരു കുപ്പി പാനീയം വിപണിയിൽ എത്തിക്കുന്നത്.

വെറും 20 ജീവനക്കാരുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 1800-ലധികം തൊഴിലാളികളുണ്ട്. 2024-ൽ 312 കോടിയായിരുന്ന ഇവരുടെ വരുമാനം 2026 ഏപ്രിലിലെ കണക്കനുസരിച്ച് ഏകദേശം 775 കോടി രൂപയായി ഉയർന്നു. ഇന്ന് 2,800 കോടി രൂപയോളമാണ് കമ്പനിയുടെ മൂല്യം. ലാഹോരി സീറ കൂടാതെ ഷിക്കഞ്ജി, കച്ചാ ആം, ഇമ്ലി ബന്ത തുടങ്ങിയ വ്യത്യസ്ത രുചികളും ഇവർ പുറത്തിറക്കുന്നുണ്ട്. കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മകളെ ശരിയായ രീതിയിൽ കുപ്പിയിലാക്കിയാൽ അതൊരു വൻ ബിസിനസ്സ് സാമ്രാജ്യമാക്കി മാറ്റാമെന്ന് ഈ മൂന്ന് യുവാക്കൾ തെളിയിച്ചു.